ഓരോ സീരീസ് ആരംഭിക്കുമ്പോഴും കോലി, രോഹിത് ശര്‍മ എന്നീ സീനിയര്‍ താരങ്ങളെ കുറിച്ച് ആവര്‍ത്തിച്ചുണ്ടാകുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്. ക്രിക്കറ്റ് ലോകത്തിന് തന്നെ മഹത്തായ സംഭാവനകള്‍ നല്കിയ താരങ്ങളെ മാനസിക സമ്മര്‍ദ്ദത്തിലാക്കരുതെന്നും കാര്യങ്ങളെ പറ്റി വ്യക്തത താരങ്ങള്‍ക്ക് നല്‍കണമെന്നും എംഎസ്കെ പ്രസാദ് പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുവതാരങ്ങളും സീനിയര്‍ താരങ്ങളും തമ്മിലുള്ള കൃത്യമായ ബാലന്‍സ് ടീമിന് വേണം. ഓരോ പരമ്പരയ്ക്ക് മുന്‍പും കോലിയുടെയും രോഹിത്തിന്റെയും പ്രകടനങ്ങള്‍ വിചാരണയ്ക്ക് മുന്നിലിടുന്നത് ശരിയല്ല. അത് ടീമിന്റെയാകെ അന്തരീക്ഷത്തെ തകര്‍ക്കും. കൂടാതെ ഈ താരങ്ങള്‍ക്ക് അമിതമായ സമ്മര്‍ദ്ദം നല്‍കുകയും അവരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യും. എന്താണ് ടീം പ്ലാന്‍ എന്നത് സംബന്ധിച്ച് കോലി,രോഹിത് എന്നിവരോട് വ്യക്തത വരുത്തണം. ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്കിയ താരങ്ങളാണ് ഇരുവരും. ഈ താരങ്ങളെ അപമാനിക്കുന്ന തരത്തിലേക്കോ അവരെ മടുപ്പിക്കുന്ന തരത്തിലേക്കോ കാര്യങ്ങള്‍ നീങ്ങാതെ വേണം സാഹചര്യം കൈകാര്യം ചെയ്യാന്‍. എംഎസ്കെ പ്രസാദ് പറഞ്ഞു.