'കയറി പോ'; ഇന്ത്യന്‍ താരത്തെ അപമാനിച്ച് പാക് ബൗളറുടെ ആഘോഷപ്രകടനം (വീഡിയോ)
ഒന്‍പതാം ഓവറിലെ നാലാം പന്തിലാണ് നമന്‍ ധീര്‍ പുറത്തായത്
റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. ഇന്ത്യന്‍ താരം നമന്‍ ധീറിനെ പാക്കിസ്ഥാന്‍ ബൗളര്‍ സാദ് മസൂദ് അപമാനിച്ചു. നമന്‍ ധീറിന്റെ വിക്കറ്റെടുത്തതിനു ശേഷമുള്ള സെലിബ്രേഷനിടെയാണ് പാക് ബൗളര്‍ മോശമായി പെരുമാറിയത്.
ഒന്‍പതാം ഓവറിലെ നാലാം പന്തിലാണ് നമന്‍ ധീര്‍ പുറത്തായത്. സാദ് മസൂദിന്റെ പന്തില്‍ ഇര്‍ഫാന്‍ ഖാനു ക്യാച്ച് നല്‍കിയാണ് ധീര്‍ പുറത്തായത്. വിക്കറ്റ് ലഭിച്ച ഉടനെ ഡ്രസിങ് റൂമിലേക്കു ചൂണ്ടിക്കാണിച്ച് ധീറിനോടു കയറിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു സാദ് മസൂദ്.
20 പന്തുകള്‍ നേരിട്ട ധീര്‍ ആറ് ഫോറുകളും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്താണ് പുറത്തായത്. ബൗണ്ടറി നേടിയതിനു പിന്നാലെയായിരുന്നു താരത്തിന്റെ പുറത്താകല്‍. നിരാശയോടെ മടങ്ങുന്നതിനിടെയായിരുന്നു പാക്ക് ബോളറുടെ പ്രകോപനം. എന്നാല്‍ മറുപടിയൊന്നും നല്‍കാതെ കയറിപ്പോകുകയാണ് നമന്‍ ധീര്‍ ചെയ്തത്.
അതേസമയം കളിയില്‍ പാക്കിസ്ഥാന്‍ ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 136 നു ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ 13.2 ഓവറില്‍ എട്ട് വിക്കറ്റ് ശേഷിക്കെ പാക്കിസ്ഥാന്‍ ലക്ഷ്യം കണ്ടു. പാക്കിസ്ഥാനു വേണ്ടി സാദ് മസൂദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.