Washington Sundar: 'വിഷമിക്കരുത്, പുതിയ ദൗത്യത്തില്‍ നീ നന്നായി പൊരുതി'; സുന്ദറിനെ ചേര്‍ത്തുപിടിച്ച് ആരാധകര്‍
ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചില്‍ രണ്ട് ഇന്നിങ്‌സിലും 50 ല്‍ അധികം പന്തുകള്‍ നേരിട്ട ഏക ഇന്ത്യന്‍ താരം സുന്ദര്‍ ആണ്
Washington Sundar: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ താരം വാഷിങ്ടണ്‍ സുന്ദറിനെ ചേര്‍ത്തുപിടിച്ച് ആരാധകര്‍. മത്സരം തോറ്റെങ്കിലും തനിക്കു ലഭിച്ച പുതിയ ദൗത്യത്തില്‍ നൂറ് ശതമാനം നീതി പുലര്‍ത്താന്‍ സുന്ദറിനു കഴിഞ്ഞെന്നു ആരാധകര്‍ പറയുന്നു.
ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചില്‍ രണ്ട് ഇന്നിങ്‌സിലും 50 ല്‍ അധികം പന്തുകള്‍ നേരിട്ട ഏക ഇന്ത്യന്‍ താരം സുന്ദര്‍ ആണ്. നാലാം സ്പിന്നറായി ടീമില്‍ ഇടംപിടിച്ച സുന്ദറിനു ബാറ്റിങ്ങില്‍ വണ്‍ഡൗണ്‍ ഇറങ്ങുകയെന്ന പുതിയ ദൗത്യവും ലഭിച്ചിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സുന്ദര്‍ ഇന്ത്യയുടെ രണ്ട് ഇന്നിങ്‌സിലും നെടുംതൂണ്‍ ആയി.
ഒന്നാം ഇന്നിങ്‌സില്‍ 82 പന്തുകള്‍ നേരിട്ട സുന്ദര്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്തു. കെ.എല്‍.രാഹുല്‍ (39 റണ്‍സ്) കഴിഞ്ഞാല്‍ ടോപ് സ്‌കോറര്‍മാരില്‍ രണ്ടാമന്‍ സുന്ദറാണ്. രണ്ടാം ഇന്നിങ്‌സില്‍ 92 പന്തുകള്‍ നേരിട്ട് രണ്ട് ഫോര്‍ സഹിതം 31 റണ്‍സെടുക്കാനും സുന്ദറിനു സാധിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ തോല്‍വിയിലേക്കു അടുക്കുമ്പോള്‍ ഡ്രസിങ് റൂമില്‍ ഏറെ ദുഃഖിതനായാണ് സുന്ദറിനെ കണ്ടിരുന്നത്. ഈ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇന്ത്യന്‍ ആരാധകര്‍ താരത്തെ ചേര്‍ത്തുപിടിക്കുന്നത്.