ഇപ്പോ ശെരിയാക്കി തരാം, വീണ്ടും നായകനെ മാറ്റാനൊരുങ്ങി പാകിസ്ഥാൻ, സൽമാൻ ആഗയ്ക്ക് പകരം ഷദാബ് ഖാൻ!
ഏഷ്യാകപ്പിലെ സല്‍മാന്‍ ആഗയുടെ നായകത്വത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം.
ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരെ 3 മത്സരങ്ങളിലും പരാജയപ്പെട്ടതോടെ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാന്‍ ടീം. നിലവിലെ നായകനായ സല്‍മാന്‍ ആഗയെ മാറ്റി ഷദാബ് ഖാനെ ദീര്‍ഘകാല നായകനാക്കാനാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത്. ഏഷ്യാകപ്പിലെ സല്‍മാന്‍ ആഗയുടെ നായകത്വത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം.
ദീര്‍ഘകാലമായി പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ് ഷദാബ്. ഈ ജൂലൈയില്‍ താരം ഇംഗ്ലണ്ടില്‍ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അടുത്തമാസം താരം ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. പാകിസ്ഥാനായി 70 ഏകദിനങ്ങളിലും 112 ടി20 മത്സരങ്ങളിലും ഷദാബ് ഖാന്‍ കളിച്ചിട്ടുണ്ട്. ജൂണില്‍ ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിലാണ് താരം അവസാനമായി കളിച്ചത്. ഈ പരമ്പരയിലാണ് താരത്തിന്റെ തോളെല്ലിന് പരിക്കേറ്റത്.
27കാരനായ ഷദാബിന് ആഭ്യന്തര ക്രിക്കറ്റിലും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ടീമുകളെ നയിച്ച് പരിചയമുണ്ട്. ശ്രീലങ്കക്കെതിരായ ഹോം പരമ്പരയിലൂടെയാകും ഷദാബ് ടീമില്‍ തിരിച്ചെത്തുക. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഷാദാബായിരിക്കും പാകിസ്ഥാനെ നയിക്കുക.