Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ പുറത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ ഗില്ലിനു രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു. പരുക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നതിനാല്‍ താരത്തിനു ഏകദിന പരമ്പരയും കളിക്കാന്‍ കഴിയില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗില്‍ ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലാണ്. താരത്തിന്റെ എംആര്‍ഐ സ്‌കാനിങ് പൂര്‍ത്തിയായി. എല്ലിനാണോ ഞരമ്പിനാണോ പരുക്കെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. കഴുത്ത് വേദന കുറയാത്തതിനാല്‍ താരത്തിനു കൂടുതല്‍ വിശ്രമം അനുവദിക്കാനാണ് ബിസിസിഐ തീരുമാനം. ഏകദിന പരമ്പരയ്ക്കു ശേഷമുള്ള ട്വന്റി 20 പരമ്പരയും ഗില്ലിനു നഷ്ടമായേക്കും.
ഗില്ലിന്റെ അഭാവത്തില്‍ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ.എല്‍.രാഹുലോ റിഷഭ് പന്തോ ആയിരിക്കും നയിക്കുക. ഏകദിന ഉപനായകന്‍ ശ്രേയസ് അയ്യര്‍ പരുക്കിനെ തുടര്‍ന്ന് നേരത്തെ പുറത്തായിരുന്നു. അതിനാല്‍ ശ്രേയസിനു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാന്‍ സാധിക്കില്ല. ടെസ്റ്റില്‍ ഉപനായകനായ പന്തിനെ ഏകദിന പരമ്പരയില്‍ ഉപനായകനാക്കാനാണ് സാധ്യത കൂടുതല്‍.