ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച യുവതാരങ്ങളില്‍ ഒരാളാണ് ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏകദിന ടീമിന്റെ നായകനായും ടി20 ടീമിന്റെ ഉപനായകനായും സ്ഥാനക്കയറ്റം ലഭിച്ചതോടെ ഇന്ത്യയ്ക്കായി വിശ്രമമില്ലാതെയാണ് ശുഭ്മാന്‍ ഗില്‍ കളിക്കുന്നത്. ദുബായില്‍ ഏഷ്യാകപ്പില്‍ നിന്നാരംഭിച്ച് വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പരമ്പരയിലും ഗില്‍ കളിച്ചിരുന്നു. ഒടുവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഗില്ലിന്റെ മുകളിലുള്ള ഈ വര്‍ക്ക് ലോഡും എല്ലാ ഫോര്‍മാറ്റിലേയും നായകനാക്കി ഗില്ലിനെ മാറ്റാനുള്ള ബിസിസിഐ തീരുമാനവും ദോഷം മാത്രമെ ചെയ്യുകയുള്ളുവെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ അഭിനവ് മുകുന്ദ്. ഗില്ലിന് എല്ലാ ഫോര്‍മാറ്റിലും നായകനാവാനുള്ള കഴിവുണ്ട്. എന്നാല്‍ സത്യത്തില്‍ ഇന്ത്യയ്ക്ക് ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ എന്നൊരു പൊസിഷന്‍ ആവശ്യമെ ഇല്ല. ഇത് ഗില്ലിനെ അമിത സമ്മര്‍ദ്ദത്തിലാക്കാന്‍ മാത്രമെ ഉപകരിക്കു. ഇപ്പോള്‍ ഗില്ലിന്റെ പുറത്ത് ഒരുപാട് ഉത്തരവാദിത്തങ്ങളും സമ്മര്‍ദ്ദവുമുണ്ട്. അഭിനവ് മുകുന്ദ് പറയുന്നു. ഏഷ്യാകപ്പില്‍ തുടങ്ങി വിശ്രമമില്ലാതെ കളിക്കുന്ന ഗില്ലിന് കഴിഞ്ഞ കൊല്‍ക്കത്ത ടെസ്റ്റിനിടെ പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെങ്കിലും രണ്ടാം ടെസ്റ്റില്‍ താരം കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് താരത്തിന് മുകളില്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്ന ബിസിസിഐ നടപടിക്കെതിരെ മുന്‍ താരം രംഗത്ത് വന്നിരിക്കുന്നത്.