വനിതാ പ്രീമിയര്‍ ലീഗില്‍ മാത്രമല്ല ഇന്ന് ഇന്ത്യന്‍ ടീമിലെയും സ്ഥിരം സാന്നിധ്യമാണ് മലയാളി താരമായ സജന സജീവന്‍. ഇക്കുറിയും വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായാണ് താരം കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ മുംബൈ ടീമിന്റെ ഫിനിഷര്‍ റോളിലാണ് താരം. ഇപ്പോഴിതാ ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ കഷ്ടപാടേറിയ കാലത്തെ പറ്റിയെല്ലാം മനസ്സ് തുറന്നിരിക്കുകയാണ് താരം.
സാമ്പത്തികമായി ഏറെ പിന്നോട്ടായിരുന്നുവെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ പിടി ടീച്ചറായിരുന്ന എല്‍സമ്മ ബേബിയാണ് തന്നെ ക്രിക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടതെന്നും സജന പറയുന്നു. കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനുള്ള വരുമാനമാര്‍ഗം എന്ന നിലയിലാണ് അതിനെ കണ്ടത്. തുടര്‍ച്ചയായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാനായതോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കുറച്ചെല്ലാം മെച്ചപ്പെട്ടു.
എന്നാല്‍ 2018ലെ മഹാപ്രളയത്തില്‍ സ്വരുക്കൂട്ടിവെച്ചതെല്ലാം നഷ്ടമായെന്നും ക്രിക്കറ്റ് കിറ്റും ട്രോഫികളുമെല്ലാം പ്രളയം കൊണ്ടുപോയെന്നും സജന പറയുന്നു. എല്ലാം ഒന്നില്‍ നിന്നും തുടങ്ങേണ്ട സാഹചര്യമായിരുന്നു കണ്‍മുന്നില്‍. എന്നാല്‍ ആ സമയത്ത് സ്‌പോര്‍ട്‌സ് ഡ്രാമയായ കനാ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു. ആ സിനിമയില്‍ ശിവകാര്‍ത്തികേയനായിരുന്നു നായകനായി അഭിനയിച്ചത്. ആ പരിചയം ഉള്ളതിനാല്‍ തന്നെ ശിവകാര്‍ത്തികേയന്‍ സാര്‍ എന്നെ വിളിച്ച് സഹായം ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചു.
എന്റെ ക്രിക്കറ്റ് കിറ്റ് അടക്കം എല്ലാം ഒലിച്ചുപോയി. എനിക്ക് പുതിയൊരു സ്‌പൈക്ക് വേണമെന്ന് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ സ്‌പൈക്‌സ് കിട്ടി. ആ സമയത്ത് നാട്ടുകാര്‍ നല്‍കിയ പിന്തുണയും വലുതായിരുന്നു. 2024ല്‍ പിന്നീട് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ സജന ഇന്ത്യന്‍ കുപ്പായത്തിലും അരങ്ങേറി. ഇപ്പോള്‍ ബാങ്കില്‍ വീടിനായി എടുത്ത ലോണെല്ലാം അടച്ചുതീര്‍ത്തെന്നും ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമാകാനാണ് ശ്രമിക്കുന്നതെന്നും സജന പറഞ്ഞു.