ഓസ്‌ട്രേലിയക്കെതിരെ നടക്കാൻ പോകുന്ന ഏകദിനത്തിൽ യുവതാരം ശുഭ്മൻ ഗിൽ ആകും ഇന്ത്യയെ നയിക്കുക. രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയാണ് ശുഭ്മൻ ഗില്ലിനെ തിരഞ്ഞെടുത്തത്. ഇത് വൻ വിമർശനങ്ങൾക്ക് കാരണമായി.
ശുഭ്മൻ ഗില്ലിന്റെ ഏകദിനത്തിലെ പ്രകടനം കണക്കിലെടുത്താൽ താരത്തെ നായകനാക്കാൻ ഒരു യോഗ്യതയും ഇല്ലെന്ന് പല മുൻ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രോഹിതിനെ മാറ്റിയതിൽ യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
'രോഹിത്തുമായി തലപ്പത്തുള്ളവർ ഇതേക്കുറിച്ചു സംസാരിച്ചു കാണുമെന്നു എനിക്കുറപ്പുണ്ട്. നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയതാണോയെന്നതിൽ എനിക്കുറപ്പില്ല. ഇതു പരസ്പരം ചർച്ച ചെയ്ത ശേഷമെടുത്ത തീരുമാനമായിരിക്കുമെന്നു എനിക്കുറപ്പാണ്. രോഹിത് അസാധാരണ ലീഡറാണ്. ഐസിസിയുടെ ടി20 ലോകകപ്പും ഐസിസി ചാംപ്യൻസ് ട്രോഫിയും നായകനെന്ന നിലയിൽ അദ്ദേഹം നേടിയിട്ടുണ്ട്.
രോഹിത്തിന്റെ കാര്യത്തിലുള്ള പ്രശ്‌നം പ്രകടനമല്ല. 2027 ആവുമ്പോൾ രോഹിത്തിനു 40 വയസ്സാവും. സ്‌പോർട്‌സിൽ അതൊരു വലിയ നമ്പറാണ്. എനിക്കും നായകനായിരിക്കെ ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. രാഹുൽ ദ്രാവിഡിനും ഇതു അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നു കാണാം. ഞങ്ങൾക്കു മാത്രമല്ല എല്ലാവർക്കും ഒരിക്കൽ ഇതു നേരിടേണ്ടതായി വരും. 40 വയസ്സാവുമ്പോൾ ശുഭ്മൻ ഗില്ലിനും ഇതു തന്നെയാവും സംഭവിക്കുക. സ്‌പോർട്ടിൽ എല്ലാവർക്കും ഒരു ദിവസം എല്ലാം നിർത്തേണ്ടതായി വരും', സൗരവ് ഗാംഗുലി പറഞ്ഞു.