Sri Lanka vs Australia, 1st ODI: 'അയ്യയ്യേ നാണക്കേട്'; ശ്രീലങ്കയോടു തോറ്റ് ഓസ്‌ട്രേലിയ
ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷ്ണ 9.5 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി
Sri Lanka vs Australia, 1st ODI: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയ്ക്കു 49 റണ്‍സിന്റെ തോല്‍വി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 46 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 33.5 ഓവറില്‍ 165 നു ഓള്‍ഔട്ടായി. ടോസ് ലഭിച്ച ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
38 പന്തില്‍ 41 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയും 37 പന്തില്‍ 32 റണ്‍സെടുത്ത ആരോണ്‍ ഹാര്‍ഡിയും മാത്രമാണ് ഓസീസ് നിരയില്‍ പൊരുതി നോക്കിയത്. മാത്യു ഷോര്‍ട്ട് (പൂജ്യം), ജേക്ക് ഫ്രേസര്‍-മക് ഗുര്‍ക് (രണ്ട്), കൂപ്പര്‍ കനോലി (മൂന്ന്), നായകന്‍ സ്റ്റീവ് സ്മിത്ത് (12) എന്നിവര്‍ നിരാശപ്പെടുത്തി.
ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷ്ണ 9.5 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ദുനിത് വെല്ലാലാഗെ, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍. വനിന്ദു ഹസരംഗയും ചരിത് അസലങ്കയും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
നായകന്‍ അലസങ്ക 126 പന്തില്‍ നിന്ന് 127 റണ്‍സെടുത്ത് ബാറ്റിങ്ങിലും ലങ്കയുടെ നെടുംതൂണ്‍ ആയി. 14 ഫോറും അഞ്ച് സിക്‌സും അടങ്ങിയതാണ് അസലങ്കയുടെ ഇന്നിങ്‌സ്. വെല്ലാലാഗെ 34 പന്തില്‍ 30 റണ്‍സെടുത്തു.