Suryakumar Yadav: 'അതൊരു തന്ത്രമായിരുന്നു'; ദുബെയെ വണ്‍ഡൗണ്‍ ഇറക്കിയതിനെ ന്യായീകരിച്ച് സൂര്യകുമാര്‍
ടോപ് ഓര്‍ഡറില്‍ മികവ് തെളിയിച്ച സഞ്ജു സാംസണ്‍ നില്‍ക്കെയാണ് ശിവം ദുബെ മൂന്നാമനായി ക്രീസിലെത്തിയത്
Suryakumar Yadav: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ശിവം ദുബെയെ വണ്‍ഡൗണ്‍ ഇറക്കിയതിനെ ന്യായീകരിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ബംഗ്ലാദേശ് സ്പിന്നര്‍മാരെ ആക്രമിച്ചു കളിക്കാന്‍ ദുബെയ്ക്കു സാധിക്കുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്ന് സൂര്യ മത്സരശേഷം പറഞ്ഞു.
' ബംഗ്ലാദേശിന്റെ ബൗളിങ് ലൈനപ്പ് നോക്കിയാല്‍ അവര്‍ക്കൊരു ഇടം കൈയന്‍ സ്പിന്നര്‍ ഉണ്ട്, നസും അഹമ്മദ്. ലെഗ് സ്പിന്നര്‍ റിഷാദ് ഹൊസൈനും എറിയാനുണ്ട്. ഈ സമയത്ത് ദുബെയാണ് ഏറ്റവും ഉചിതമായ ഓപ്ഷന്‍. ദുബെയുടെ ആ സമയത്തുള്ള വരവും കൃത്യമായിരുന്നു. അതുകൊണ്ട് അങ്ങനെയൊരു തീരുമാനമെടുത്തു. പക്ഷേ ആ തീരുമാനം അത്ര വിജയകരമായില്ല. എങ്കിലും മത്സരം മുന്നോട്ടു പോകുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടിവരും,' സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ടോപ് ഓര്‍ഡറില്‍ മികവ് തെളിയിച്ച സഞ്ജു സാംസണ്‍ നില്‍ക്കെയാണ് ശിവം ദുബെ മൂന്നാമനായി ക്രീസിലെത്തിയത്. ശരാശരിയിലും സ്‌ട്രൈക് റേറ്റിലും ദുബെയെക്കാള്‍ മുന്നിലാണ് സഞ്ജു. മൂന്നാമനായി ക്രീസിലെത്തിയ ദുബെ മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് സ്പിന്നര്‍ റിഷാദ് ഹൊസൈനിന്റെ പന്തില്‍ തന്നെ പുറത്താകുകയും ചെയ്തു.