Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യകുമാര്‍ യാദവിനെ ട്വന്റി 20 ഫോര്‍മാറ്റില്‍ സ്ഥിരം നായകനാക്കും; ഹാര്‍ദിക്കിന് തിരിച്ചടിയായത് പരുക്ക്, രോഹിത്തിന്റെ നിലപാട് നിര്‍ണായകം

കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ കൂടുതല്‍ ട്വന്റി 20 മത്സരങ്ങളില്‍ നയിച്ചത്

സൂര്യകുമാര്‍ യാദവിനെ ട്വന്റി 20 ഫോര്‍മാറ്റില്‍ സ്ഥിരം നായകനാക്കും; ഹാര്‍ദിക്കിന് തിരിച്ചടിയായത് പരുക്ക്, രോഹിത്തിന്റെ നിലപാട് നിര്‍ണായകം
, വെള്ളി, 15 ഡിസം‌ബര്‍ 2023 (16:53 IST)
സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ സ്ഥിരം ട്വന്റി 20 നായകനാക്കാന്‍ ആലോചന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് സൂര്യയാണ്. പരമ്പരയിലെ താരവും സൂര്യ തന്നെ. ട്വന്റി 20 ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാതെ അനായാസം ബാറ്റ് ചെയ്യാന്‍ സൂര്യക്ക് സാധിക്കുന്നുണ്ടെന്നും ഭാവിയില്‍ ഇന്ത്യയുടെ സ്ഥിരം നായകനാകാനുള്ള മികവുണ്ടെന്നും ബിസിസിഐയും സെലക്ടര്‍മാരും വിലയിരുത്തി. 
 
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ കൂടുതല്‍ ട്വന്റി 20 മത്സരങ്ങളില്‍ നയിച്ചത്. ഹാര്‍ദിക്കിന് പരുക്കേറ്റതോടെ നായകസ്ഥാനം സൂര്യയിലേക്ക് എത്തുകയായിരുന്നു. തുടര്‍ച്ചയായി പരുക്കിന്റെ പിടിയില്‍ ആകുന്നതിനാല്‍ ഹാര്‍ദിക്കിനേക്കാള്‍ നായകസ്ഥാനത്തേക്ക് യോഗ്യന്‍ സൂര്യ ആണെന്നാണ് സെലക്ടര്‍മാര്‍ വിലയിരുത്തുന്നത്. ടീമിലേക്ക് തിരിച്ചെത്തിയാലും തുടര്‍ച്ചയായി ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ സൂര്യയെ ട്വന്റി 20 ഫോര്‍മാറ്റിലെ സ്ഥിരം നായകനാക്കിയേക്കും. 
 
അതേസമയം അടുത്ത ട്വന്റി 20 ലോകകപ്പില്‍ ആര് ഇന്ത്യയെ നയിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. രോഹിത് ശര്‍മ ട്വന്റി 20 ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തണമെന്നും വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് കളിക്കണമെന്നും ബിസിസിഐയ്ക്ക് ആഗ്രഹമുണ്ട്. അതിനുശേഷം സൂര്യകുമാര്‍ യാദവിന് ക്യാപ്റ്റന്‍സി കൈമാറാനാണ് ബിസിസിഐയുടെ പദ്ധതി. എന്നാല്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ ഇനി കളിക്കണോ എന്ന ആലോചനയിലാണ് രോഹിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിശ്രമം വേണമെന്നും ട്വന്റി 20 ഫോര്‍മാറ്റില്‍ ഒഴിവാക്കണമെന്നും ആയിരുന്നു രോഹിത് പറഞ്ഞത്. ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ രോഹിത് തീരുമാനിക്കുകയാണെങ്കില്‍ അടുത്ത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ട ചുമതല സൂര്യകുമാര്‍ യാദവിനായിരിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റുതുരാജിന് അവസരമില്ലെ? ഗിൽ നിരാശപ്പെടുത്തിയതോടെ ദ്രാവിഡിനെതിരെ വിമർശനവുമായി ആരാധകർ