ഐപിഎല്ലില്‍ തുടങ്ങിവെച്ചത് അണ്ടര്‍ 19 ലെവലിലും തുടര്‍ന്ന് ഇന്ത്യയുടെ പുതിയ ബാറ്റിംഗ് സെന്‍സേഷനായ വൈഭവ് സൂര്യവന്‍ഷി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ നാലാം ഏകദിനത്തിലാണ് വെടിക്കെട്ട് സെഞ്ചുറിയുമായി താരം തിളങ്ങിയത്. 52 പന്തില്‍ നിന്നും 10 ഫോറുകളും 7 സിക്‌സറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്ങ്‌സ്.
മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി പതിവ് രീതിയില്‍ നിന്നും മാറി പതുക്കെയാണ് വൈഭവ് തുടങ്ങിയത്. എന്നാല്‍ പിന്നീട് കത്തികയറിയ വൈഭവ് ഇംഗ്ലണ്ട് ബാറ്റര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 24 പന്തില്‍ നിന്നും അര്‍ധസെഞ്ചുറി തികച്ച താരം 52 പന്തില്‍ നിന്നാണ് സെഞ്ചുറി നേടിയത്. അണ്ടര്‍ 19 ഏകദിനചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്.
നേരത്തെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ 31 പന്തില്‍ 86 റണ്‍സുമായി താരം തിളങ്ങിയിരുന്നു. ആദ്യ ഏകദിനത്തില്‍ 19 പന്തില്‍ നിന്നും 48 റണ്‍സും രണ്ടാം മത്സരത്തില്‍ 34 പന്തില്‍ നിന്നും 45 റണ്‍സുമാണ് താരം നേടിയത്.