ഇംഗ്ലണ്ടില്‍ അസാമാന്യമായ പോരാട്ടം കാഴ്ചവെച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രതാപകാലം തിരിച്ചുപിടിക്കുമെന്ന സൂചനയാണ് ഇന്ത്യന്‍ യുവനിര തന്നതെങ്കില്‍ നാട്ടില്‍ കളിക്കാനെത്തിയതോടെ കാര്യങ്ങള്‍ അമ്പാടെ തകിടം മറിഞ്ഞ സ്ഥിതിയിലാണ്. നാട്ടില്‍ പത്തിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ അടിയറവ് പറഞ്ഞുകഴിഞ്ഞു. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്ങ്‌സില്‍ 489 റണ്‍സ് നേടിയതോടെ 2000ത്തിന് ശേഷം ഇതാദ്യമായി ഒരു പരമ്പര ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ കൈവിടുക എന്ന ദുരവസ്ഥയ്ക്ക് വളരെ അരികിലാണ് ഇന്ത്യന്‍ ടീം.
ദക്ഷിണാഫ്രിക്ക 489 എന്ന ശക്തമായ ടോട്ടല്‍ സ്വന്തമാക്കിയപ്പോള്‍ അവരുടെ ടോപ് സ്‌കോററായി മാറിയത് ഏഴാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ സെനുരാന്‍ മുത്തുസ്വാമി ആയിരുന്നു. ആറാം വിക്കറ്റില്‍ ടോണി ഡിസോര്‍സിയെ കൂട്ടുപിടിച്ച് 83 പന്തില്‍ 45 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയ മുത്തുസ്വാമി ഏഴാം വിക്കറ്റില്‍ കെയ്ല്‍ വെരെയ്‌നൊപ്പം ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ നന്നായി പരീക്ഷിച്ചു. 88 റണ്‍സാണ് ഏഴാം വിക്കറ്റില്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. എട്ടാം വിക്കറ്റില്‍ മാര്‍ക്കോ യാന്‍സനൊപ്പം 97 റണ്‍സിന്റെ കൂട്ടുക്കെട്ട് കൂടി പടുത്തുയര്‍ത്തിയ ശേഷമാണ് മുത്തുസ്വാമി മടങ്ങിയത്.
മത്സരത്തില്‍ 206 പന്ത് നേരിട്ട് 109 റണ്‍സാണ് താരം സ്വന്തമാക്കിയത്. 1994 ഫെബ്രുവരി 22ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യന്‍ വംശജരായ മുത്തുസ്വാമിയുടെയും വാണിയുടെയും മകനായാണ് സെനുരാന്‍ മുത്തുസ്വാമിയുടെ ജനനം. മുത്തുസ്വാമിയുടെ കുടുംബാംഗങ്ങള്‍ ഇപ്പോഴും തമിഴ്നാട്ടിലെ നാഗപട്ടണത്തുണ്ട്. ആദ്യം ടോപ് ഓര്‍ഡര്‍ ബാറ്ററായാണ് കരിയര്‍ തുടങ്ങിയതെങ്കിലും പിന്നീട് ഓള്‍റൗണ്ടറായി മുത്തുസ്വാമി മാറി.
ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 റ്റീമില്‍ ഇടം നേടിയിട്ടുള്ള മുത്തുസ്വാമി 2019ലെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ടെസ്റ്റ് ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പര്യടനത്തില്‍ വിശാഖപട്ടണത്ത് വെച്ചായിരുന്നു മുത്തുസ്വാമിയുടെ അരങ്ങേറ്റ മത്സരം. ആ മത്സരത്തില്‍ വിരാട് കോലിയെ പുറത്താക്കി ആദ്യ ടെസ്റ്റ് വിക്കറ്റും സ്വന്തമാക്കി. കേശവ് മഹാരാജെന്ന ഇന്ത്യന്‍ വേരുകളുള്ള സ്പിന്നറുടെ സാന്നിധ്യമായിരുന്നു മുത്തുസ്വാമിയുടെ വഴി മുടക്കിയത്. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കാന്‍ മുത്തുസ്വാമിക്കായി. പാകിസ്ഥാന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ മുത്തുസ്വാമി സമാനമായ പ്രകടനമാണ് ഇന്ത്യക്കെതിരെയും നടത്തുന്നത്.