ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്ങ്‌സില്‍ 489 റണ്‍സെന്ന ശക്തമായ സ്‌കോര്‍ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 246 റണ്‍സില്‍ 6 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വാലറ്റത്ത് സെനുരാന്‍ മുത്തുസ്വാമിയും മാര്‍ക്കോ യാന്‍സനും നടത്തിയ പോരാട്ടമാണ് വലിയ സ്‌കോറിലെത്താന്‍ സന്ദര്‍ശകരെ സഹായിച്ചത്. ഏഴാമനായി ക്രീസിലെത്തിയ മുത്തുസ്വാമി 206വ് പന്തില്‍ 10 ബൗണ്ടറികളുടെയും 2 സിക്‌സുകളുടെയും സഹായത്തില്‍ 109 റണ്‍സ് നേടിയാണ് മടങ്ങിയത്. 91 പന്തില്‍ 93 റണ്‍സുമായി മാര്‍ക്കോ യാന്‍സനും വാലറ്റത്ത് ഇന്ത്യന്‍ ബൗളിങ്ങിനെ നിലം പരിശാക്കി.
ഇന്ത്യന്‍ ബൗളര്‍മാരില്‍ 29.1 ഓവറില്‍ 115 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മൊഹമ്മദ് സിറാജ് എന്നിവരാണ് തിളങ്ങിയത്. മത്സരത്തിന്റെ ഒരു സമയത്തും ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്‌സിനെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കായില്ല. ആദ്യദിനം മാര്‍ക്രവും റിക്കള്‍ട്ടനും ചേര്‍ന്ന് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ചതെങ്കിലും മധ്യനിരയില്‍ വമ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ ആദ്യ ദിനം 6 വിക്കറ്റ് നഷ്ടമായിട്ടും ശക്തമായ രീതിയിലാണ് വാലറ്റത്ത് ദക്ഷിണാഫ്രിക്ക പോരാട്ടം കാഴ്ചവെച്ചത്.