ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. കഴുത്തിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാകും ടീമിനെ നയിക്കുക. പരിക്കേറ്റ ഉപനായകന്‍ ശ്രേയസ് അയ്യര്‍ക്ക് പകരം മലയാളി താരം സഞ്ജു സാംസണെ ഏകദിനത്തിലേക്ക് പരിഗണിച്ചില്ല. ഓപ്പണര്‍ സ്ഥാനത്ത് യശ്വസി ജയ്‌സ്വാളും മധ്യനിരയില്‍ റിഷഭ് പന്തുമാണ് ടീമില്‍ ഇടം നേടിയത്.
രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. ബാക്കപ്പ് ഓപ്പണറെന്ന നിലയില്‍ റിതുരാജ് ഗെയ്ക്ക്വാദും ടീമിലിടം നേടി. 12 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള കെ എല്‍ രാഹുലാണ് ടീം നായകന്‍. ഗില്ലിന്റെ അഭാവത്തില്‍ രോഹിത്തിന് നായകസ്ഥാനം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാനം രാഹുലിന് നറുക്ക് വീഴുകയായിരുന്നു.
3 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനം നവംബര്‍ 30ന് റാഞ്ചിയിലാണ് നടക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ ഡിസംബര്‍ 3, 6 തീയതികളില്‍ നടക്കും. അക്‌സര്‍ പട്ടേലിന് വിശ്രമം അനുവദിച്ചതോടെയാണ് ജഡേജ ടീമില്‍ ഇടം നേടിയത്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍,റിതുരാജ് ഗെയ്ക്ക്വാദ്, വിരാട് കോലി, തിലക് വര്‍മ, കെ എല്‍ രാഹുല്‍,റിഷഭ് പന്ത്, വാഷിങ്ങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിംഗ്, ധ്രുവ് ജുറല്‍