ഇന്ത്യയുടെ ഏകദിന ലോകകപ്പിനെ പറ്റിയുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്നത് രോഹിത്- കോലി എന്നീ സീനിയര്‍ താരങ്ങള്‍ അടുത്ത ലോകകപ്പില്‍ ടീമിലുണ്ടാകുമോ എന്നതാണ്. ഈ ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നതിന് പിന്നാലെ മികച്ച പ്രകടനങ്ങളാണ് ഇരുതാരങ്ങളും പുറത്തെടുക്കുന്നത്. എന്നാല്‍ വമ്പന്‍ പ്രകടനങ്ങളുമായി ഇരുതാരങ്ങളും കളം നിറഞ്ഞിട്ടും ഇപ്പോഴും ഈ വിഷയത്തില്‍ വ്യക്തത വരുത്താന്‍ ടീം മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഏകദിന പരമ്പര സ്വന്തമാക്കിയതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിനോട് ലോകകപ്പിന് ഇനിയും 2 വര്ഷങ്ങളുണ്ടെന്ന മറുപടിയാണ് ഗംഭീര്‍ നല്‍കിയത്.
കോലിയും രോഹിത്തും ലോകോത്തര താരങ്ങളാണെന്നും അവരുടെ പരിചയസമ്പത്ത് ഡ്രസ്സിങ് റൂമിന് വിലമതിക്കാനാവാത്തതാണെന്നും ഗംഭീര്‍ തുറന്ന് പറഞ്ഞെങ്കിലും ജയ്സ്വാളിനും റുതുരാജിനും കൂടുതല്‍ അവസരങ്ങള്‍ നല്കാന് താല്പര്യമുണ്ടെന്ന കാര്യവും വ്യക്തമാക്കി. ജയ്സ്വാളിന്റെ വൈറ്റ് ബോള്‍ കരിയര്‍ തുടങ്ങിട്ടെയുള്ളുവെന്നും ഒരു വലിയ ഭാവി അവനെ കാത്തിരിക്കുന്നുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും മടങ്ങിയെത്തുന്നതോടെ അവരാകും ടീമില്‍ കളിക്കുക എന്നും ഗംഭീര്‍ വ്യക്തമാക്കി.