ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ നിരാശജനകമായ വാര്‍ത്തയായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരാട് കോലിയുടെ വിരമിക്കല്‍. ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോറില്‍ ഉള്‍പ്പെടുന്ന വിരാട് കോലിയ്ക്ക് 2020ന് മുന്‍പ് വരെ ടെസ്റ്റില്‍ അസാമാന്യമായ റെക്കോര്‍ഡുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2020ന് ശേഷം കോലിയുടെ പ്രകടനങ്ങളില്‍ കാര്യമായ താഴ്ചയുണ്ടായി. ഇന്ത്യയില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലും കോലി തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.
സമീപകാലത്തായി ടെസ്റ്റ് ഫോര്‍മാറ്റില്‍ വലിയ തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റില്‍ തുടരാനായിരുന്നു കോലിയുടെ തീരുമാനം. ഇംഗ്ലണ്ടില്‍ ശക്തമായ പ്രകടനം നടത്തി തിരിച്ചുവരുമെന്ന് കോലി തന്നോട് പറഞ്ഞിരുന്നതായി രഞ്ജി ട്രോഫിയില്‍ ഡല്‍ഹി കോച്ചായ ശരണ്‍ദീപ് സിങ്ങ് പറയുന്നു. എന്നാല്‍ കഴിഞ്ഞ സീരീസുകളില്‍ മോശം പ്രകടനമാണ് കോലി നടത്തിയതെന്നും ഇംഗ്ലണ്ട് പരമ്പരയിലും നിരാശപ്പെടുത്തുകയാണ് ടെസ്റ്റില്‍ തുടര്‍ന്ന് അവസരങ്ങള്‍ ലഭിക്കില്ലെന്നും ബിസിസിഐ കോലിയെ അറിയിച്ചെന്നാണ് സൂചന. ഇതാണ് കോലിയുടെ വിരമിക്കലിന് കാരണമായി മാറിയത്.
ഐപിഎല്ലില്‍ ചെന്നൈ- ആര്‍സിബി മത്സരത്തിനിടെയാണോ ഈ സംഭവങ്ങള്‍ ഉണ്ടായത് എന്നാണ് ആരാധകര്‍ ഇപ്പോള്‍ സംശയിക്കുന്നത്. സാധാരണയായി മൈതാനത്ത് ഒരു ക്യാച്ചിലോ വിക്കറ്റ് വീഴ്ചയിലോ പോലും ആവേശം കൊള്ളുന്ന കോലി ചെന്നൈക്കെതിരെ അവസാന ബോള്‍ ത്രില്ലറില്‍ വിജയിച്ചിട്ടും നിരാശനായാണ് കാണപ്പെട്ടിരുന്നത്. ഡ്രെസ്സിങ് റൂമില്‍ ടീമംഗങ്ങള്‍ ആഘോഷിക്കുമ്പോഴും അതില്‍ പങ്കുചേരാതെ മാറിയിരിക്കുന്ന കോലിയുടെ ചിത്രം അന്ന് വൈറലായി മാറിയിരുന്നു. ബിസിസിഐ താരത്തിന്റെ ടെസ്റ്റ് ഫോര്‍മാറ്റിലെ ഭാവിയെ പറ്റി സംസാരിച്ചത് ആ ദിവസമാകാനാണ് സാധ്യത എന്നാണ് നിലവില്‍ ആരാധകര്‍ പറയുന്നത്.