യുവതിയെ അഞ്ചംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി; പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് യുവതി
യുവതിയെ അഞ്ചംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി
മധ്യപ്രദേശിലെ ഭോപ്പാലിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് യുവതിയെ തട്ടിക്കൊണ്ടു പോയി അഞ്ചംഗ സംഘം ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനി ജില്ലയിലെ സെഹോറിൽ ജോലിചെയ്യുന്ന മുപ്പത്തെട്ടുകാരിയാണ് കൂട്ടമാനഭംഗത്തിനിരയായത്. ബുധനിയിലേക്കു പോകുന്നതിന് ഒബൈദുള്ളഗഞ്ച് റെയിൽവെ സ്റ്റേഷനിൽ നിൽക്കുകയായിന്ന യുവതിക്കടുത്തെത്തിയ പരിചയക്കാരന് ഇവര്‍ക്ക് യാത്രയ്ക്കായി ഒരു ബൈക്ക് യാത്രികനെ പരിചയപ്പെടുത്തി നല്‍കുകയായിരുന്നു.
സുഹൃത്തിനെ വിശ്വസിച്ച് ബൈക്ക് യാത്രികനൊപ്പം യാത്ര ചെയ്ത യുവതിയെ ബുധനിക്കു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ഇയാള്‍ മാനഭംഗപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ മറ്റു പ്രതികളെ വിളിച്ചു വരുത്തി യുവതിയെ ബുധനിയില്‍ നിന്നും ജീപ്പിൽ കയറ്റി ഒബൈദുള്ളഗഞ്ചിലേക്ക് തിരികെ കൊണ്ടുവന്നു.
ഒബൈദുള്ളഗഞ്ചിലെ റെയിൽവെ സ്റ്റേഷനു സമീപത്തെ റെയിൽവെ അടിപ്പാതയിലെത്തിച്ച യുവതിയെ പ്രതികള്‍ കൂട്ടമാനഭംഗത്തിനിരയാക്കി. പുലർച്ചെ രണ്ടോടെയാണ് യുവതിയെ പ്രതികൾ വിട്ടയച്ചത്. സംഭവം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും റെയിൽവെ പൊലീസാണ് പരാതി സ്വീകരിച്ചതെന്നും യുവതി വ്യക്തമാക്കുന്നു.
തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.