നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയുള്ളത് നിര്‍ണായക മണിക്കൂറുകള്‍. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ഈ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. എന്നാല്‍ ദിലീപ് ഈ കേസില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യതയേറെയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ഉയരുന്ന വാദം.
പള്‍സര്‍ സുനിയുടെ നിലപാട് മാത്രമാണ് നിലവില്‍ ഈ കേസില്‍ ദിലീപിന് എതിരായുള്ള പ്രധാന സംഗതി എന്നാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്. കൊടുംക്രിമിനലായ പള്‍സര്‍ സുനി പറഞ്ഞതുകൊണ്ട് മാത്രം ദിലീപിനെപ്പോലെ ഒരു ജനപ്രിയതാരം ഈ കൃത്യത്തിന് കൂട്ടുനിന്നെന്ന് സമര്‍ത്ഥിക്കാന്‍ കഴിയില്ലെന്നും അവര്‍ വാദിക്കുന്നു.
ദിലീപ് നേരിട്ട് ഇങ്ങനെയൊരു ക്രൈമില്‍ ഉള്‍പ്പെട്ടിട്ടില്ല. ദിലീപിന്‍റെ ആവശ്യപ്രകാരമാണ് പള്‍സര്‍ സുനി ഈ കുറ്റകൃത്യം ചെയ്തെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ പൊലീസിന്‍റെ പക്കലില്ലെന്നും ദിലീപ് അനുകൂലികള്‍ പറയുന്നു. ഒരു കുറ്റവാളിയും ഒരു പ്രശസ്ത നടനും ഒരേ സമയം ഒരേ മൊബൈല്‍ ടവറിന് കീഴില്‍ വരുന്നതില്‍ എന്ത് അസ്വാഭാവികതയാണുള്ളതെന്നും അവര്‍ ചോദിക്കുന്നു.
പള്‍സര്‍ സുനിയുടേത് ഒഴികെയുള്ള മൊഴികളില്‍ നിന്ന് ഈ കേസും ദിലീപും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ബലമുള്ള തെളിവുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഗൂഢാലോചന തെളിയിക്കാന്‍ പൊലീസിന് കഴിയുമോയെന്ന സംശയവും വ്യാപകമാണ്.
കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ദിലീപിനെതിരെ വരാന്‍ സാധ്യതയുള്ള എല്ലാ തെളിവുകളും ഒരുമിച്ചുകൊണ്ടുവരാന്‍ ധൃതിപിടിച്ച് പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇതൊന്നും ഈ കേസില്‍ ദിലീപിനെ കുടുക്കാന്‍ മതിയാവില്ലെന്നും ദിലീപ് അനുകൂലികള്‍ പറയുന്നു.