Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ ‘വെളുപ്പിനഴക്’ ?! എന്തായിരിക്കും അതിന്റെ പിന്നിലെ രഹസ്യം ?

ഇന്ത്യയില്‍ ‘വെളുപ്പിനഴക്’ ?! എന്തായിരിക്കും അതിന്റെ പിന്നിലെ രഹസ്യം ?
, ശനി, 27 ജനുവരി 2018 (12:17 IST)
ഇന്ത്യന്‍ ഫാഷന്‍ മോഡലിംഗ് രംഗം യുവതികള്‍ക്കിടയില്‍ വര്‍ണ സ്വപ്നമായി മാറുകയാണ്. ഈ രംഗത്തേക്ക് കടന്ന് വരാന്‍ പൊതുവെ സമ്പന്നകളായ ഐടി വിദഗ്ധകള്‍ പോലും മടികാട്ടുന്നില്ല എന്നാണ് പുതിയ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. എന്നാല്‍, ഇപ്പോഴും ഈ രംഗത്ത് ‘വര്‍ണ വിവേചനം’ നിലനില്‍ക്കുന്നു എന്നതാണ് രസകരമായ വസ്തുത!
 
ഇന്ത്യയില്‍ സാധനങ്ങള്‍ വിറ്റഴിക്കണമെങ്കില്‍ മോഡലിന്‍റെ ചര്‍മ്മം വെളുത്തതായിരിക്കണം. ഇത് ഒരു വിദേശ പരസ്യ കമ്പനിയുടെ കണ്ടെത്തലാണെന്ന് കരുതി തെറ്റിദ്ധരിക്കരുത്. സ്വദേശികളും വിദേശികളുമായ പരസ്യ കമ്പനികള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അനുഭവിച്ചറിഞ്ഞ സത്യമാണിത്.
 
വെളുത്ത നിറവും പച്ചക്കണ്ണുകളുമുള്ള ഒരു സുന്ദരി പരസ്യ വാചകം പറയുന്നത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ അതീവ വശ്യതയോടാണ് സ്വീകരിക്കുന്നത്. വിദേശത്തു നിന്ന് തൊഴില്‍ വിസയില്‍ മുംബൈയില്‍ എത്തുന്ന മോഡലുകളുടെ എണ്ണം അടുത്തകാലത്തായി വര്‍ദ്ധിക്കുന്നു എന്നതും ഈ സത്യത്തിലേക്ക് വെളിച്ചം വീശുന്നു.
 
എന്നാല്‍, പലപ്പോഴും ഇന്ത്യന്‍ സാഹചര്യത്തിലേക്ക് ഇവരെ മാറ്റിയെടുക്കുക വെല്ലുവിളിയാവുന്നു എന്നും പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വെളുത്ത നിറവും വശ്യതയും ഉണ്ടെങ്കിലും കറുത്തു കൊലുന്നനെയുള്ള മുടി വേണമെങ്കില്‍ എന്തു ചെയ്യും; ഒന്നുകില്‍ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പരസ്യത്തില്‍ മുടി കറുപ്പിക്കാം. അല്ലെങ്കില്‍ വെളുത്ത ഇന്ത്യന്‍ സുന്ദരികളെ തേടിപ്പിടിക്കേണ്ടി വരും.
 
തവിട്ടു നിറമുള്ള ഇന്ത്യന്‍ മോഡലിംഗ് രംഗത്തെ വിലയേറിയ താരങ്ങള്‍ പോലും പല പരസ്യങ്ങളിലും ആവശ്യത്തിന് അനുസൃതമായി ചര്‍മ്മത്തിന്‍റെ നിറം മാറ്റിയിട്ടുണ്ട്- ഫോട്ടോഷോപ്പ് തുടങ്ങിയ ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ! പക്ഷേ, മോഡല്‍ രംഗത്ത് വിദേശത്തു നിന്ന് ആവശ്യത്തിന് സുന്ദരികളെ ലഭ്യമാവുന്ന സാഹചര്യത്തില്‍ പല കമ്പനികളും ഇതിന് മിനക്കെടാറില്ല എന്നതാണ് സത്യം.
 
പക്ഷേ, ഈ തവിട്ടു നിറക്കാര്‍ക്ക് പാശ്ചാത്യ ലോകത്ത് വന്‍ ആദരമാണ് ലഭിക്കുന്നത്. തവിട്ടു നിറം വികാരങ്ങളെ ഉദ്ദീപിപ്പിക്കുമെന്നാണ് പാശ്ചാത്യ പരസ്യ കമ്പനികള്‍ കരുതുന്നത്. എന്നാല്‍, തുറന്നു കാട്ടേണ്ട അവസരങ്ങള്‍ വരുമ്പോഴാണ് പാശ്ചാത്യ മോഡലുകള്‍ ഏറ്റവും അധികം സഹായമാവുന്നതെന്ന് ഇന്ത്യന്‍ കമ്പനികളുടെ അനുഭവ സാക്‍ഷ്യം.
 
യൂറോപ്പിലെ വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരുടെ സ്വപ്നങ്ങളാണ് ഇന്ത്യന്‍ മോഡലിംഗ് രംഗത്ത് മൊട്ടിടുന്നത്. ഇവര്‍ക്ക് ഒരു ഷൂട്ടിന് 500 മുതല്‍ 1500 ഡോളര്‍ വരെ മാത്രം നല്‍കിയാല്‍ മതിയാവും. ഇത് അന്താരാഷ്ട്ര താരങ്ങളെ അപേക്ഷിച്ചു നോക്കുകയാണെങ്കില്‍ വളരെ കുറവാണുതാനും.
 
കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെങ്കിലും ബോളിവുഡില്‍ നിന്നുള്ള സൂപ്പര്‍ മോഡലുകള്‍ക്ക് ഒരുകാലത്തും ഇടിവ് സംഭവിക്കില്ല. അതിലും മേലെയാണ് ക്രിക്കറ്റ് താര മോഡലുകള്‍. ഇവര്‍ക്ക് ഒരു ഷൂട്ടിന് ലക്ഷങ്ങളാണ് നല്‍കേണ്ടി വരിക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും രണ്ട് മുട്ടയില്‍ കൂടുതല്‍ കഴിക്കുന്നവരാണോ ? എങ്കില്‍...