Abishek Bachan: 'അവാർഡ് എല്ലാം പൈസ കൊടുത്ത് വാങ്ങുന്നതല്ലേ'; വിമർശനത്തിന് അഭിഷേക് ബച്ചന്റെ മറുപടി
						
		
						
				
കഴിഞ്ഞ ദിവസം മികച്ച നടനുള്ള ഫിലിംഫെയർ പുരസ്‌കാരം അഭിഷേകിനെ തേടി എത്തിയിരുന്നു.
			
		          
	  
	
		
										
								
																	അവാർഡുകൾ വില കൊടുത്ത് വാങ്ങുന്നതാണെന്നും പിആർ വഴിയാണ് ഇന്നും സിനിമയിൽ നിലനിൽക്കുന്നത് എന്ന വിമർശത്തിന് ചുട്ട മറുപടി നൽകി നടൻ അഭിഷേക് ബച്ചൻ. അവാർഡുകൾ എല്ലാം കഠിനാധ്വാനം കൊണ്ട് നേടിയതാണെന്നും ഇനിയും അത് തന്നെ തുടരുമെന്ന് അഭിഷേക് പറഞ്ഞു. 
 
 			
 
 			
					
			        							
								
																	
	 
	കഴിഞ്ഞ ദിവസം മികച്ച നടനുള്ള ഫിലിംഫെയർ പുരസ്‌കാരം അഭിഷേകിനെ തേടി എത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് നവനീത് മുൻദ്ര എന്നയാൾ നടനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
	 
	'കരിയറിൽ ഒറ്റ സോളോ ബ്ലോക്ക്ബസ്റ്ററുകൾ ഇല്ലെങ്കിലും അവാർഡുകൾ എങ്ങനെ വിലകൊടുത്തത് വാങ്ങാം എന്നതിന്റെയും പിആർ ഉപയോഗിച്ച് എങ്ങനെ പ്രസക്തരായി നിലനിൽക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഭിഷേക് ബച്ചൻ. 'ഐ വാണ്ട് ടു ടോക്ക്' എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു. 
	 
	കുറച്ച് പെയ്ഡ് നിരൂപകർ ഒഴികെ മറ്റാരും ആ സിനിമ കണ്ടിട്ടില്ല. 2025 അദ്ദേഹത്തിന്റെ വർഷമാണെന്ന് പറയുന്ന ട്വീറ്റുകൾ കാണുമ്പോൾ എനിക്ക് ചിരി വരുന്നു. കൂടുതൽ അംഗീകാരം, ജോലി, അഭിനന്ദനം, അവാർഡുകൾ എന്നിവ അർഹിക്കുന്ന അദ്ദേഹത്തെക്കാൾ മികച്ച നടന്മാരുണ്ട്. പക്ഷേ കഷ്ടം! അവർക്ക് PR ബുദ്ധിയും പണവുമില്ല', എന്നായിരുന്നു അഭിഷേകിനെതിരെ ഉയർന്ന വിമർശനം.
	 
	'ഞാൻ ഇതുവരെ ഒരു അവാർഡുകളും വില കൊടുത്ത് വാങ്ങിയിട്ടില്ല. കഠിനാധ്വാനം കൊണ്ടാണ് അതെല്ലാം നേടിയത്. നിങ്ങളുടെ വായടയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം കൂടുതൽ കഠിനാധ്വാനിക്കുക എന്നതാണ്. അതുവഴി ഭാവിയിൽ എനിക്ക് ലഭിക്കാൻ പോകുന്ന പുരസ്കാരങ്ങളെ നിങ്ങൾ സംശയിക്കില്ല. നിങ്ങൾ തെറ്റാണെന്ന് ഞാൻ തെളിയിക്കും', എന്നായിരുന്നു അഭിഷേകിന്റെ മറുപടി.