മായാനന്ദി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഐശ്വര്യ ലക്ഷ്മി ഇന്ന് മലയാളത്തിലെയും തമിഴിലെയും തിരക്കുള്ള നടിയാണ്. മണിരത്നത്തിന്റെ സിനിമയിൽ പോലും ഐശ്വര്യയ്ക്ക് അഭിനയിയ്ക്കാൻ സാധിച്ചു. താരത്തിന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. നേരത്തെ വിവാഹത്തെക്കുറിച്ചുള്ള ഐശ്വര്യയുടെ കാഴ്ചപ്പാട് ചർച്ചയായി മാറിയിരുന്നു. താൻ വിവാഹം കഴിക്കുന്നില്ലെന്നായിരുന്നു ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.
ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ തീരുമാനത്തിന് പിന്നിലെ കാരണവും കാഴ്ചപ്പാടുമെല്ലാം വിശദമാക്കുകയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ വാക്കുകൾ വായിക്കാം തുടർന്ന്. കല്യാണം കഴിച്ചാലും ജീവിതത്തിൽ പലപ്പോഴും ഒറ്റയ്ക്കാകുമ്പോഴാണല്ലോ പലതും ഭാരമാവുക. എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്? എന്ന് അമ്മമാരോട് ഒരിക്കലെങ്കിലും ചോദിച്ചിട്ടില്ലാത്ത പെൺമക്കൾ കുറവായിരിക്കില്ലേ? ഇതൊക്കെ അനുഭവിച്ച അമ്മമാരെന്തിനാണ് പെൺമക്കളോട് കല്യാണം കഴിക്കൂ എന്ന് പറയുന്നത്? എന്നാണ് ഐശ്വര്യ ചോദിക്കുന്നത്.
വിവാഹം കരിയറിനെ ബാധിക്കുമെന്നും താരം പറയുന്നുണ്ട്. നമ്മുടെ സമൂഹം എപ്പോഴും പെൺകുട്ടികളോടാണ് അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതു വിവാഹത്തിനായാലും ഒരാളുടെ വളർച്ച നിശബ്ദമായെങ്കിലും ബാധിക്കപ്പെടുന്നുണ്ടെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. പത്തു ശതമാനം ആണുങ്ങൾ പങ്കാളിയുടെ വളർച്ചയ്‌ക്കൊപ്പം നിൽക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തേക്കാം. പക്ഷെ വിവാഹം അഡ്ജസ്റ്റ്‌മെന്റാണെന്ന് എല്ലാവരും പറഞ്ഞു പഠിപ്പിക്കുന്നത് പെൺകുട്ടികളേയാണെന്നാണ് താരം പറയുന്നത്.
'ഒരാളെ സ്‌നേഹിക്കുമ്പോൾ ആ ബന്ധത്തിൽ നടത്തുന്ന ആദ്യ നിക്ഷേപം എന്നെതന്നെയാണ്. ഞാൻ പോലും അറിയാതെ എന്റെ മുൻഗണനകൾ മാറുകയും പ്രതീക്ഷകൾ കൂടുകയും ചെയ്യും. അത് ഒപ്പം ജീവിക്കുന്ന ആൾക്ക് ബുദ്ധിമുട്ടാകും. ഞാൻ കാരണം മറ്റൊരാൾ ബുദ്ധിമുട്ടണ്ടല്ലോ. എന്റെ സന്തോഷത്തിനും സമാധാനത്തിനും ഞാൻ സിംഗിളായി ഇരിക്കുന്നത് തന്നെയല്ലേ നല്ലത്? സ്വയം മനസിലാക്കിയിടത്തോളം പ്രണയവും കല്യാണവും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. ഇനി അങ്ങനെയൊരാൾ വന്നാൽ എന്ന ചോദ്യം ചോദിക്കല്ലേ, അപ്പോഴും ഞാൻ മാറുന്നില്ലല്ലോ. പക്ഷെ മറ്റുള്ളവരുടെ കല്യാണം കൂടാൻ വലിയ ഇഷ്ടമാണ്', താരം പറയുന്നു.