മഹാരാഷ്ട്രയിലെ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച് വളർന്ന നഖത്ത് ഖാന്‍ എന്ന പെൺകുട്ടിയാണ് ഒരുകാലത്ത് തമിഴകം അടക്കി ഭരിച്ചത്. ഇന്നവൾ ഖുശ്‌ബു എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്യനാട്ടിൽ നിന്നും വന്ന് തമിഴകത്തിന്റെ സ്നേഹവും ആദരവും പിടിച്ചുപറ്റിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഖുശ്‌ബു. ഒമ്പതോളം ഭാഷകളിൽ ഖുശ്‌ബു അഭിനയിച്ചിട്ടുണ്ട്. ഖുശ്ബുവിന്റെ ജീവിതകഥ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്.
സ്വന്തം പിതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനെ കുറിച്ചൊക്കെ നടി തന്നെ തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോള്‍ തമിഴ് സംവിധായകന്‍ സുന്ദര്‍സിയുടെ ഭാര്യയായിട്ടും രാഷ്ട്രീയക്കാരിയും നടിയുമായി സജീവമായി നില്‍ക്കുകയാണ് ഖുശ്ബു. ഇടയ്ക്ക് വലിയ വിവാദങ്ങളിലും നടി തലവെച്ച് കൊടുക്കാറുണ്ട്. ഇടയ്ക്ക് ഖുശ്ബുവിന്റെ ചില പരാമര്‍ശങ്ങള്‍ തമിഴ്‌നാട്ടിലുടനീളം വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഖുശ്‌ബു തന്റെ ജീവിതത്തിൽ നേടിയതും ഉണ്ടാക്കിയ വിവാദങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
ചിന്നതമ്പി എന്ന സിനിമ സൃഷ്ടിച്ച തരംഗം അവര്‍ണനീയമായിരുന്നു. സിനിമയിലെ ഖുശ്ബുവിന്റെ അഭിനയം കണ്ട് തമിഴ്‌നാട്ടിലെ സ്ത്രീകള്‍ കണ്ണീര്‍ പൊഴിച്ചു. തമിഴ്‌നാട്ടിലെ ഓരോ ജില്ലകളിലും അത് ആഘോഷിക്കപ്പെട്ടു. മാത്രമല്ല ആളുകള്‍ ഖുശ്ബുവിനെ ഒന്ന് കാണുന്നതിനായി അവരുടെ വീടിന് മുന്നില്‍ തടിച്ചുകൂടി. ഇത് പരിസരത്ത് താമസിക്കുന്നവര്‍ക്ക് പോലും വലിയ ബുദ്ധിമുട്ടായി.
നിരവധി യുവാക്കള്‍ അവരുടെ രക്തം കൊണ്ട് ഖുശ്ബുവിന് കത്തെഴുതി. ചരിത്രത്തില്‍ ഒരു നടിയ്ക്കും ലഭിക്കാത്ത ഭ്രാന്തമായ സ്‌നേഹം ഖുശ്ബുവിന് ലഭിച്ചു. മാത്രമല്ല ഖുശ്ബുവിനെ ദേവിയാക്കി അമ്പലം വരെ പണിതു. അവരെ പ്രതിഷ്ഠയാക്കി പാലഭിഷേകവും പുഷ്പാര്‍ച്ചനയും നടത്തി. അമ്പലം മാത്രമല്ല ഖുശ്ബുവിന്റെ പേരില്‍ ഒരു ഭക്ഷണവും പുറത്തിറക്കി. ഖുശ്ബു ഇഡ്ഡലി എന്ന പേരില്‍ സ്ത്രീകളുണ്ടാക്കിയ ഭക്ഷണത്തിന് വലിയ പ്രചാരം കിട്ടി. പിന്നാലെ നടിയുടെ പേരില്‍ സാരികളും ആഭരണങ്ങളുമൊക്കെ കമ്പോളത്തില്‍ ഇറങ്ങി.
മഹാരാഷ്ട്രയിലെ ഒരു മുസ്ലിം കുടുംബത്തില്‍ കണ്ണീരും കൈയ്യുമായി ജീവിച്ച നഖത്ത് ഖാന്‍ എന്ന പെണ്‍കുട്ടിയാണ് പിന്നീട് തമിഴ്‌നാട്ടിലെ സിനിമാരാധകരുടെ ഇഷ്ടനടിയായി മാറിയ ഖുശ്ബു. ആ സമയത്താണ് നടന്‍ പ്രഭുവുമായി അവരുടെ പ്രണയം ഉടലെടുക്കുന്നത്. തമിഴിലെ പത്രങ്ങള്‍ ഇവരുടെ പ്രണയക്കഥ അച്ചടിച്ച് പുറത്തിറക്കി ആഘോഷമാക്കി. അവര്‍ ഉടനെ വിവാഹിതരാവുമെന്നും ഇതിനകം വിവാഹിതരായി കഴിഞ്ഞെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ വന്നു.
പ്രഭുവും ഖുശ്ബുവും തമ്മിലുള്ള ബന്ധം പിതാവും പ്രമുഖ നടനുമായ ശിവാജി ഗണേശനെയും മറ്റ് കുടുംബാംഗങ്ങളെയും അസ്വസ്ഥരാക്കി. നിങ്ങളുടെ അച്ഛന്‍ ഖുശ്ബുവിന്റെ കൂടെയല്ലേ എന്ന് ചോദിച്ച് പ്രഭുവിന്റെ മക്കള്‍ സ്‌കൂളില്‍ പോകുമ്പോള്‍ മറ്റ് കുട്ടികള്‍ കളിയാക്കാന്‍ തുടങ്ങി. ഇതോടെ ശിവാജി ഗണേശനും പ്രഭുവും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പിതാവിന്റെ കടുംപിടുത്തം പ്രഭുവും ഖുശ്ബുവും തമ്മിലുള്ള പ്രണയബന്ധം അവസാനിക്കാന്‍ കാരണമായി.
ഒന്‍പത് ഭാഷകളില്‍ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ഈ ഒന്‍പത് ഭാഷയും തനിക്ക് എഴുതാനും പറയാനും അറിയാമെന്ന് ഖുശ്ബു അവകാശപ്പെടുന്നുണ്ട്. രജനികാന്തുമായി കണ്ടുമുട്ടുമ്പോഴെല്ലാം അവര്‍ മാറത്തിയിലാണ് സംസാരിക്കാറുള്ളത്. സംവിധായകന്‍ സുന്ദര്‍ സി യുടെ ആദ്യ സിനിമയായിരുന്നു മുറൈമാമന്‍. ജയറാമും ഖുശ്ബുവുമായിരുന്നു അതില്‍ അഭിനയിച്ചത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ സുന്ദറുമായി ഖുശ്ബു പ്രണയത്തിലായി. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. രണ്ട് പെണ്‍മക്കളും ഈ ദമ്പതിമാര്‍ക്ക് ജനിച്ചു.
ജയലളിതയെ കണ്ടിട്ടാവണം, ഒരു രാഷ്ട്രീയക്കാരിയാവാന്‍ തീരുമാനിച്ച് ഖുശ്ബു കലൈഞ്ജര്‍ കരുണാനിധിയെ കണ്ട് ഡിഎംകെയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പക്ഷേ അധികകാലം അവിടെ ഒത്തുചേര്‍ന്ന് പോകാന്‍ അവര്‍ക്ക് സാധിച്ചില്ല. ഡിഎംകെയില്‍ നിന്നും കോണ്‍ഗ്രസ്സിലേക്ക് പോയി. അവിടെ വലിയ അവസരങ്ങള്‍ കിട്ടിയെങ്കിലും ഒടുവില്‍ അവര്‍ ബിജെപിയില്‍ ചേര്‍ന്നു.
ശരിയെന്ന് തോന്നുന്നത് അപ്പോള്‍ തന്നെ വിളിച്ച് പറയുന്നതാണ് ഖുശ്ബുവിന്റെ ഒരു സ്വഭാവം. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് അവര്‍ക്ക് പ്രശ്‌നമില്ല. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത് ഖുശ്ബു പടുത്തുയര്‍ത്തിയ ചില്ലുകൊട്ടാരം പൊളിഞ്ഞ് വീഴാന്‍ കാരണമായി. പെണ്‍കുട്ടികള്‍ വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റല്ലെന്നും അത് സുരക്ഷിതമായ ബന്ധമായിരിക്കണമെന്നുമാണ് നടി പറഞ്ഞത്.
പക്ഷേ ഈ വാര്‍ത്ത തമിഴ്‌നാട്ടിലെ പത്രങ്ങളും ചാനലുകളും വളരെ പ്രധാന്യത്തോടെ ആളുകളിലെത്തിച്ചു. ഇതറിഞ്ഞ് അമ്മമാര്‍ ഖുശ്ബുവിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഒരു നാടിന്റെ സംസ്‌കാരത്തെ മുഴുവനോടെ മാറ്റി തലമുറകളെ വഴിത്തെറ്റിക്കാന്‍ വന്നവളെന്ന് ആക്ഷേപിച്ചു. ഖുശ്ബുവിന്റെ വീടിന് ചുറ്റും ചൂലുമായി സ്ത്രീകള്‍ തടിച്ച് കൂടി. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. തമിഴ്‌നാടിന്റെ വിവിധയിടങ്ങളില്‍ നിന്നായി ഇരുപത്തിരണ്ടോളം കേസ് വന്നു.
ഖുശ്ബുവിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ആ സമയത്ത് അമേരിക്കയിലായിരുന്ന കമല്‍ ഹാസന്‍ ഇതറിഞ്ഞ് ഖുശ്ബുവിനെ വിളിച്ച് ഉപദേശിച്ചു. അങ്ങനെയാണ് അവര്‍ കോടതിയില്‍ പോയി കീഴടങ്ങുന്നത്. കോടതിയ്ക്ക് മുന്നിലും ആളുകള്‍ തടിച്ച് കൂടിയിരുന്നു. പിന്നീട് സുപ്രീം കേടതിയില്‍ പോയിട്ടാണ് 22 കേസുകളില്‍ നിന്നും ഒറ്റയടിക്ക് തലയൂരുന്നത്.
അപ്പോഴെക്കും ഖുശ്ബുവിന്റെ പ്രതിഷ്ഠ പൊളിച്ച് ആ സ്ഥലം കുട്ടികളുടെ കളി സ്ഥലമാക്കി മാറ്റി. ഖുശ്ബുവിനെതിരെ പിന്നീട് വന്ന വിമര്‍ശനം ദൈവപ്രതിഷ്ഠയ്ക്ക് മുന്നില്‍ കാലിന് മുകളില്‍ കാലും കയറ്റി, ചെരുപ്പ് പോലും ഊരാതെ ഇരുന്നു എന്നതാണ്. ഇതോടെ ബാക്കിയുണ്ടായിരുന്നവരുടെ മനസിലെ ഇഷ്ടം കൂടി അവര്‍ നഷ്ടപ്പെടുത്തിയെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.