അമൽ നീരദിന്റെ ക്യാമറയിൽ സ്റ്റൈലിഷ് ആയി നടന്നുവരുന്ന മോഹൻലാലിനെ കാണാൻ എല്ലാവരും കാത്തിരിക്കുകയാണ്. ഇരുവരും ചേർന്ന് ഒരു സിനിമ വരുന്നു എന്ന ഊഹാപോഹങ്ങള്‍ കുറേക്കാലമായി അന്തരീക്ഷത്തിലുണ്ട്. സിനിമാപ്രേമികളുടെ ഈ കാത്തിരിപ്പിന്റെ പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി പങ്കുവെച്ച ഒരു ഇന്‍സ്റ്റ സ്റ്റോറി.
ഭീഷ്മപർവ്വത്തിലെ ശ്രദ്ധേയമായ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള മീമാണ് ദേവദത്ത് ഷാജി പങ്കുവെച്ചിരിക്കുന്നത്. അതിൽ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രവും അതിനൊപ്പം ഒരു അമല്‍ നീരദ് പടം എന്നും എഴുതിയിട്ടുമുണ്ട്. ഇത് മോഹൻലാൽ-അമൽ നീരദ് ചിത്രത്തിന്റെ സൂചനയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ദേവദത്ത് ഷാജിയുടെ ഇൻസ്റ്റ സ്റ്റോറി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
2009 ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയ്ക്കായാണ് ഇതിന് മുൻപ് മോഹൻലാൽ-അമൽ നീരദ് കൂട്ടുകെട്ട് ഒന്നിച്ചത്. എസ് എൻ സ്വാമിയായിരുന്നു സിനിമയുടെ രചന നിർവഹിച്ചത്. അതേസമയം ബോഗയ്ൻവില്ല എന്ന ചിത്രമാണ് അമൽ നീരദിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.