പൃഥ്വിരാജ് എമ്പുരാനിൽ വിളിക്കുമെന്ന് പ്രതീക്ഷിച്ചുവെന്ന് ബാബു ആന്റണി
ഭരതൻ ചിത്രങ്ങളിലൂടെ ആയിരുന്നു ബാബു ആന്റണിയെ മലയാളികൾ ആദ്യമായി കണ്ടത്.
മോളിവുഡിലെ ആക്ഷൻ രംഗങ്ങൾക്ക് പുതിയ മാനം നൽകിയ ആളാണ് ബാബു ആന്റണി. ബാബു ആന്റണി നായകനൊപ്പമാണെങ്കിൽ പ്രേക്ഷകർക്ക് ആശ്വസിക്കാനുള്ള വകയുണ്ട്. വില്ലന്റെ കൂടെയാണെങ്കിൽ സിനിമ കഴിയുന്നത് വരെ ടെൻഷൻ അടിച്ചിരുന്ന കാലമുണ്ട്. വില്ലനായും നായകനായും ഒട്ടേറെ സിനിമകളിൽ ബാബു ആന്റണി വേഷമിട്ടിരുന്നു. ഭരതൻ ചിത്രങ്ങളിലൂടെ ആയിരുന്നു ബാബു ആന്റണിയെ മലയാളികൾ ആദ്യമായി കണ്ടത്.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ബാബു ആന്റണി. ഇതുവരെയും കാര്യമായ അംഗീകാരങ്ങൾ ഒന്നും തന്നെ തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ബാബു ആന്റണി പറയുന്നത്. എമ്പുരാൻ സിനിമയിലേക്ക് പൃഥ്വിരാജ് വിളിക്കുമെന്നാണ് താൻ പ്രതീക്ഷച്ചതെങ്കിലും അതുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'നാൽപത് വർഷത്തെ കരിയറിൽ തിരിഞ്ഞു നോക്കുമ്പോൾ ഒരു ചിത്രവും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. ഒരുപക്ഷേ വൈശാലി പോലെയൊരു സിനിമ, പൂവിന് പുതിയ പൂന്തെന്നൽ പോലെയൊരു സിനിമ മാത്രം മതി നമ്മളെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ. അതിന്റെ കൂടെ ഭാഗ്യമായിട്ട് പിന്നാലെ കൊറേ നല്ല സിനിമകൾ വേറെയും കിട്ടി. എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.
എമ്പുരാനിൽ പൃഥ്വി വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്രയും വലിയൊരു സിനിമ വരുമ്പോൾ പ്രത്യേകിച്ച്, പൃഥ്വിരാജ് ഒക്കെ നമ്മുടെ മടിയിൽ ഇരുന്ന് വളർന്ന ആളാണ്. കാർണിവലിന്റെ സമയത്ത് പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പൃഥ്വിയുടെ ബ്രദർ, ഫഹദ് ഒക്കെ നമ്മുടെ മടിയിലിരുന്ന് വളർന്ന പിള്ളേരാണ്. അതുകൊണ്ട് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പിന്നെ ഏത് ക്യാരക്‌ടർ വേണം, ഏതൊക്കെ വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. അതൊക്കെയും ഓരോരുത്തരുടെയും താൽപര്യങ്ങൾ അല്ലേ', ബാബു ആന്റണി പറഞ്ഞു.