മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന എമ്പുരാൻ വിവാദങ്ങൾക്കിടയിലും വമ്പൻ കളക്ഷനാണ് നേടുന്നത്. ഇതുവരെ ചിത്രം 250 കോടി നേടിക്കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടമായി എമ്പുരാൻ മാറിക്കഴിഞ്ഞു. എമ്പുരാന് മുന്നോടിയായി പൃഥ്വിരാജ് ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വിവാദങ്ങൾക്കിടെ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മോഹൻലാൽ എന്ന പ്രതിഭയോട് അസൂയ തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടിട്ടാണെന്നും പൃഥ്വിരാജ് പറയുന്നു.
ലാലേട്ടന്റെ കയ്യിൽ നിന്നും പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. മമ്മൂക്കയുടെ കയ്യിൽ നിന്നുമുണ്ട്. ഞാൻ പ്രവർക്കുന്ന മീഡിയത്തിൽ ഇവർ അഗ്രഗണ്യരാണല്ലോ. ലാലേട്ടന്റെ ഓഫ് സ്ക്രീൻ വ്യക്തിത്വം കണ്ട് അസൂയ തോന്നിയിട്ടുണ്ട്. എനിക്ക് അങ്ങനെയാകാൻ പറ്റുമെന്ന് തോന്നുന്നില്ല. അദ്ദേഹം എപ്പോഴും ഹാപ്പിയാണ്. റിസൽട്ടുകളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. ചെറിയ കാര്യങ്ങളിൽ ഭയങ്കര സന്തോഷം കണ്ടെത്തും. അക്കാര്യങ്ങളിൽ ലാലേട്ടനോട് എനിക്ക് ആരാധനയാണ് എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.
ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായി പുറത്തിറങ്ങിയ എമ്പുരാൻ റിലീസ് ദിവസം മുതൽ വിവാദത്തിലാണ്. സിനിമയിലെ ചില സീനുകളാണ് വിവാദങ്ങൾക്ക് കാരണം. പ്രതിഷേധം ശക്തമായശേഷം അടുത്തിടെ സിനിമ റീ എഡിറ്റിങിന് വിധേയമാക്കിയിരുന്നു. റീ എഡിറ്റിങ്ങിന് ശേഷവും വമ്പൻ കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്.