സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനദിനത്തില്‍ എമ്പുരാന്‍ സിനിമയെ സംബന്ധിച്ചുണ്ടായ വിവാദങ്ങളെ പറ്റിയും പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും സിനിമയ്‌ക്കെതിരെ ബിജെപിയുടെ ആക്രമണമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. സിനിമയെ താറടിച്ച് കാണിക്കുമ്പോള്‍ ബാധിക്കപ്പെടുന്നത് അതിന് പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളെയാണ്.
ബിജെപി- സംഘപരിവാര്‍ അംഗങ്ങള്‍ കൂടിയുള്ള സെന്‍സര്‍ ബോര്‍ഡിനാല്‍ അംഗീകരിക്കപ്പെട്ട സിനിമയാണ്. അത്തരത്തിലുള്ള സിനിമയെ അനാവശ്യമായ ആരോപണങ്ങള്‍ ഉണ്ടാക്കി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നത്. സാമുദായിക സ്വേച്ഛാധിപത്യ പ്രവണതകള്‍ അതിര് ലംഘിക്കുകയാണെന്നും ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമാണ് വഖഫെന്നും കേന്ദ്ര അവഗണനയ്‌ക്കെതിരെ തമിഴ്നാടും കേരളവും ഒറ്റക്കെട്ടാണെന്നും പിണറായി വിജയന്‍ പറഞ്ഞു.