നിർമാതാക്കളെ പ്രതിനിധീകരിച്ച് കൊണ്ട് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നിരുന്നു. മോഹൻലാൽ അടക്കമുള്ളവരുടെ പിന്തുണ ആന്റണി പെരുമ്പാവൂരിനുണ്ട് എന്നാണ് അടക്കം പറച്ചിൽ. മോഹൻലാലിന്റെ ഡ്രെെവറായി വന്ന് പിന്നീട് അദ്ദേഹത്തിന്റെ വിശ്വസ്തനാകുകയും നിർമാണ മേഖലയിൽ വളർന്ന് വരികയും ചെയ്ത വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ.
മോഹൻലാലിന്റെ കരിയറിൽ വലിയ സ്വാധീനം ചെലുത്താൻ പറ്റുന്ന ആളായി ആന്റണി പെരുമ്പാവൂർ വളർന്നതിന് കാരണമുണ്ട്. അതുകൊണ്ട് തന്നെ ആന്റണിയെ മോഹൻലാൽ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടും ഇല്ല. ഇതേക്കുറിച്ച് നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ബദറുദീൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
'മോഹൻലാൽ ഒരു പ്രൊഡ്യൂസറോടും കാശ് ചോദിക്കില്ല. ചോദിക്കാനറിയില്ല. കണ്ടമാനം പേർ മോഹൻലാലിനെ മുതലെടുത്തു. പക്ഷെ ആന്റണി പെരുമ്പാവൂരിന് അതിന് അധികാരം കൊടുത്തപ്പോൾ കുത്തിന് പിടിച്ച് പൈസ വാങ്ങും. മോഹൻലാലിന് മുഖത്ത് നോക്കി പൈസ ചോദിക്കാനറിയില്ല. അത് അവസരമായി മുതലെടുക്കുന്നവരാണ് ബഹുഭൂരിപക്ഷവും.
ആന്റണി കണക്ക് പറഞ്ഞ് പൈസ മേടിക്കും. അദ്ദേഹത്തിന് മോഹൻലാൽ പറയുന്നത് അനുസരിച്ചാൽ മതി. അത് വലിയ കാര്യമാണ്. ഞങ്ങൾ മൂന്ന് പേരും ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഓരോ ഗിയർ മാറ്റുമ്പോഴും ശ്രദ്ധിക്കും. നമ്മുടെ പിറകിൽ ഇരിക്കുന്നത് ആരാണെന്ന് അറിയാമല്ലോ, അത്ര മാത്രം ടെൻഷനും ശ്രദ്ധയും വേണമെന്ന് ആന്റണി പറയുമായിരുന്നു. മോഹൻലാലിന്റെ കലാപരമായ വളർച്ച മോഹൻലാലിന്റേത് തന്നെയാണ്. സാമ്പത്തിക ആസൂത്രണം നടപ്പാക്കിക്കൊടുത്തതെല്ലാം ആന്റണിയാണ്.
മോഹൻലാലിന് അതറിയില്ല. വിട്ടുവീഴ്ച ചെയ്യും. മോഹൻലാലിനെ പാട്ടിലാക്കാനാകും. പക്ഷെ ആന്റണിയെ പറ്റില്ലെന്നും ബദറുദീൻ ചൂണ്ടിക്കാട്ടി. ആന്റണി വന്ന ശേഷമാണ് മോഹൻലാൽ സാമ്പത്തികമായി സെക്യൂർ ആയത്. പടം ഇറങ്ങും മുമ്പ് കാശ് മേടിച്ചില്ലെങ്കിൽ മോഹൻലാലിന് ചോദിച്ച് മേടിക്കാൻ അറിയില്ലായിരുന്നെ'ന്നും ബദറുദീൻ ഓർത്തു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചനലിൽ സംസാരിക്കുകയായിരുന്നു ബദറുദീൻ.