തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയുടെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ബിനു പപ്പു.
ആ വിഷയത്തിൽ ഇനിയൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് ബിനു പപ്പു പറഞ്ഞത്. തന്റെ പുതിയ ചിത്രമായ എക്കോയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ബിനു പപ്പു ഇക്കാര്യം വ്യക്തമാക്കിയത്. ഭാഗ്യലക്ഷ്മി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും അതിനപ്പുറത്തേക്ക് ഇനിയൊരു വിശദീകരണം നൽകേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും ബിനു പപ്പു പറഞ്ഞു.
'ഞാൻ ഈ കാര്യത്തിൽ വ്യക്തത വരുത്തേണ്ട ആവശ്യമില്ല. അതിനുള്ള വ്യക്തത അവർ തന്നെ കൊടുത്തിട്ടുണ്ട്. ഞങ്ങൾക്ക് അതിനൊരു വിശദീകരണം നൽകണമെന്ന് തോന്നിയിട്ടില്ല. കാരണം അതിന്റെ ആവശ്യമില്ലായിരുന്നു".- ബിനു പപ്പു പറഞ്ഞു.
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ടായിരുന്നു ഭാഗ്യലക്ഷ്മി വിമർശനവുമായെത്തിയത്. ചിത്രത്തിൽ ശോഭന അഭിനയിച്ച ലളിത എന്ന കഥാപാത്രത്തിനായി ആദ്യം ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയായിരുന്നു. എന്നാൽ പിന്നീട് ഈ കഥാപാത്രത്തിനായി ശോഭന തന്നെ സ്വയം ഡബ്ബ് ചെയ്യുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവർത്തകർ ഭാഗ്യലക്ഷ്മിയെ അറിയിച്ചില്ലെന്നായിരുന്നു ഇവർ പറഞ്ഞത്.