Dies Irae Box Office: പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' 50 കോടി ക്ലബില്‍. റിലീസ് ചെയ്തു ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴേക്കും 50 കോടിയെന്ന നേട്ടം കൈവരിക്കാന്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനു സാധിച്ചു.
റിലീസ് ചെയ്തു ആറാം ദിവസമായ ഇന്നലെ മാത്രം ചിത്രം മൂന്ന് കോടിക്കു മുകളില്‍ കളക്ട് ചെയ്തു. ഇന്ത്യ നെറ്റ് കളക്ഷന്‍ 30 കോടിയിലേക്ക് അടുക്കുകയാണ്. ഓവര്‍സീസ് കളക്ഷന്‍ 20 കോടി കടന്നു. 2025 ലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ് (വേള്‍ഡ് വൈഡ്) കളക്ഷനുള്ള ചിത്രങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഡീയസ് ഈറേ ഇപ്പോള്‍.
റിലീസിനു മുന്‍പ് പ്രീമിയര്‍ ഷോ നടത്താനുള്ള നിര്‍മാതാക്കളുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ആദ്യദിനത്തിലെ ബോക്സ്ഓഫീസ് പ്രതികരണം. പ്രീമിയര്‍ ഷോകളില്‍ നിന്നു മാത്രമായി (കേരളത്തില്‍) 80 ലക്ഷത്തിലേറെ കളക്ട് ചെയ്ത ഡീയസ് ഈറേ റിലീസ് ദിനത്തില്‍ വേള്‍ഡ് വൈഡായി 10 കോടിക്കടുത്ത് നേടി. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം.
ഭൂതകാലം, ഭ്രമയുഗം എന്നിവയ്ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്തിരിക്കുന്ന 'ഡീയസ് ഈറേ' ഒരു ഹൊറര്‍ ത്രില്ലര്‍ ഴോണറിലുള്ള ചിത്രമാണ്. റോഹന്‍ എന്ന കേന്ദ്ര കഥാപാത്രമായി പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നു. റോഹനെ തേടിയെത്തുന്ന ഒരു മരണവാര്‍ത്തയും തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. മരിച്ച വ്യക്തിയുടെ ഓര്‍മകള്‍ റോഹനെ വേട്ടയാടുന്നുണ്ട്. അയാള്‍ക്കു റോഹനോടു എന്തെങ്കിലും പറയാനുണ്ടെങ്കിലോ? രണ്ട് മണിക്കൂറില്‍ താഴെയുള്ള ചിത്രം ഒരിടത്തും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല.
ടെക്നിക്കലി ഗംഭീരമെന്നാണ് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്നത്. പ്രണവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്. ജിബിന്‍ ഗോപിനാഥന്‍, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ എന്നിവരുടെ പ്രകടനങ്ങളും ഗംഭീരം. തിയറ്ററില്‍ നിന്നുതന്നെ ആസ്വദിക്കേണ്ട ചിത്രമാണ് ഡീയസ് ഈറേ. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ഷെഹ്നാദ് ജലാലിന്റെ ക്യാമറയും ഡീയസ് ഈറേയെ കൂടുതല്‍ മികച്ചതാക്കുന്നു.
അവസാന മൂന്ന് സോളോ ചിത്രങ്ങളും 50 കോടി കളക്ഷനില്‍ എത്തിക്കാന്‍ പ്രണവ് മോഹന്‍ലാലിനു സാധിച്ചു എന്ന അപൂര്‍വ നേട്ടവും ഉണ്ട്. ഹൃദയം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നിവ നേരത്തെ ഈ നേട്ടം കൈവരിച്ചിരുന്നു.