മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. സിനിമയുടെ ക്യാരക്ടർ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയ വിജി വെങ്കടേഷ് ഡൊമിനിക്കില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാധുരി എന്നാണ് ചിത്രത്തിലെ വിജിയുടെ കഥാപാത്രത്തിന്റെ പേര്. മാധുരിയുടെ ക്യാരക്ടർ പോസ്റ്റർ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ഒരു വഴിത്തിരിവുണ്ടാക്കുന്ന പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ് മാധുരി എന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന.
ഒരു ഡയറിയിൽ ഒട്ടിച്ചുവെച്ച ഫോട്ടോയും അതിന് ചുറ്റും അവരെപ്പറ്റിയുള്ള കാര്യങ്ങൾ കുത്തിക്കുറിച്ചിരിക്കുന്ന രീതിയിലുമാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. 'ബീഫ് കറി ഗുഡ്' , 'പ്രായം 70 ഫാഷന്‍ 35' എന്നിങ്ങനെയുള്ള ഡൊമിനിക്കിന്‍റെ ചില രസികന്‍ കുറിപ്പടികളും പോസ്റ്ററിലുണ്ട്. രാപ്പകൽ എന്ന സിനിമയിലെ പാട്ടിലെ വരികളിലായ ''അമ്മ മനസ് തങ്ക മനസ്' എന്ന് ഫോട്ടോയ്ക്ക് താഴെ എഴുതിവെച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ മുന്‍പ് വന്ന പോസ്റ്ററുകളും ഇത്തരത്തില്‍ ചിരി പടര്‍ത്തുന്നതായിരുന്നു.