Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'
മലേഷ്യയില്‍ വെച്ച് പട്ടികള്‍ സോയിയെ (മ്ലാത്തി) ഉപദ്രവിക്കുന്നുണ്ട്. പട്ടികളെ ഹാന്‍ഡില്‍ ചെയ്യുന്നതില്‍ അത്ര പെര്‍ഫക്ട് അല്ലാത്ത മ്ലാത്തിക്ക് പിന്നെ എങ്ങനെയാണ് കുര്യച്ചന്റെ പട്ടികളെ നിയന്ത്രിക്കാന്‍ സാധിക്കുന്നതെന്ന സംശയം ഉണ്ടായേക്കാം
Nelvin Gok / [email protected]
Eko Movie Detailing: ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്തിരിക്കുന്ന 'എക്കോ' ഒരു റിവഞ്ച് സ്റ്റോറിയാണ്. സാധാരണ സിനിമ കാണുന്നതു പോലെ കണ്ടാല്‍ ഉത്തരം കിട്ടാത്ത പല ചോദ്യ ഗര്‍ത്തങ്ങളിലേക്കും പ്രേക്ഷകര്‍ വീണുപോയേക്കാം. മറിച്ച് കാട്ടുകുന്നിന്റെ വന്യതയിലേക്ക് നിങ്ങളെ സ്വയം പ്ലേസ് ചെയ്ത ശേഷം കുര്യച്ചനും പിയൂസിനും മ്ലാത്തി ചേട്ടത്തിക്കും ഒപ്പം നടക്കുകയാണെങ്കില്‍ ആ വഴിയില്‍ തന്നെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കിടക്കുന്നുമുണ്ട്. (സ്‌പോയിലര്‍ ഉണ്ട്, സിനിമ കാണാത്തവര്‍ക്കു തുടര്‍ന്നുള്ള വായന ഒഴിവാക്കാം)
'മ്ലാത്തി ചേട്ടത്തി കുര്യച്ചനെ കൊന്നോ?' എന്ന് പലരും ചോദിക്കുന്നുണ്ട്. ഒരിക്കലും മ്ലാത്തി ചേട്ടത്തിക്കു കുര്യച്ചനെ കൊല്ലാന്‍ കഴിയില്ല ! മ്ലാത്തി ചേട്ടത്തിയുടെ പ്രതികാരം കേവലം കുര്യച്ചനെ കൊന്നാല്‍ തീരുന്നതല്ല. കുര്യച്ചന്റെ സംരക്ഷണയിലാണ് താന്‍ കഴിഞ്ഞിരുന്നതെന്ന് വിശ്വസിച്ചിരുന്ന മ്ലാത്തി ചേട്ടത്തി ഒരു ഘട്ടത്തില്‍ തിരിച്ചറിയുന്നുണ്ട് അത് സംരക്ഷണമല്ല മറിച്ച് നിയന്ത്രണമായിരുന്നെന്ന്. കുര്യച്ചന്റെ നിയന്ത്രണത്തില്‍ ഹോമിക്കപ്പെട്ട തന്റെ ജീവിതത്തിനു അതേ നിയന്ത്രണം കൊണ്ടാണ് മ്ലാത്തി ചേട്ടത്തി പ്രതികാരം ചെയ്യുന്നത്. കുര്യച്ചന്‍ തന്റെ നിയന്ത്രണത്തില്‍ എത്രത്തോളം നാള്‍ കഴിയുന്നുവോ അത്രത്തോളം മ്ലാത്തി ചേട്ടത്തി സന്തോഷവതിയായിരിക്കും. മറ്റൊരാളാല്‍ നിയന്ത്രിക്കപ്പെടുന്നതിന്റെ ഭീകരതയും നിരാശയും കുര്യച്ചന്‍ അതിന്റെ ഏറ്റവും പാരമ്യത്തില്‍ അനുഭവിക്കണമെന്ന വാശി മ്ലാത്തി ചേട്ടത്തിക്കുണ്ട്. എങ്കിലേ അവരുടെ പ്രതികാരം പൂര്‍ണമാകൂ.
താന്‍ കുര്യച്ചനെ കൊന്നിട്ടില്ലെന്ന് മ്ലാത്തി ചേട്ടത്തി രണ്ട് തവണ സിനിമയില്‍ ഉറപ്പിച്ചു പറയുന്നുണ്ട്. അതുകൂടാതെ കുര്യച്ചന്‍ മരിച്ചിട്ടില്ലെന്നു ഉറപ്പിച്ചു പറയാന്‍ പാകത്തിനു മറ്റൊരു സൂചനയും സിനിമയിലുണ്ട്. ക്ലൈമാക്‌സില്‍ പിയൂസ് മ്ലാത്തി ചേട്ടത്തിയുടെ വീട്ടിലേക്ക് വരുമ്പോള്‍ മുളകൊണ്ട് ഉണ്ടാക്കിയ ഒരു കൂട് നിലത്തുകിടക്കുന്നത് കാണിക്കുന്നുണ്ട്. അതില്‍ നിന്ന് തലേന്നോ അല്ലെങ്കില്‍ അന്നേ ദിവസമോ കൊടുത്ത കഞ്ഞിയുടെ അവശിഷ്ടം എടുത്തുനോക്കുന്നുണ്ട് പിയൂസ്. ഒളിച്ചുകഴിയുന്ന അല്ല മ്ലാത്തി ചേട്ടത്തിയുടെ നിയന്ത്രണത്തില്‍ കഴിയുന്ന കുര്യച്ചനു പട്ടികള്‍ കൊണ്ടുപോയി കൊടുത്തതാണ് ഇത്. ഭക്ഷണം കൊടുത്ത ശേഷം ഇതേ കൂട് പട്ടികള്‍ തന്നെയാണ് തിരിച്ചുകൊണ്ടുവരുന്നത്. മലേഷ്യയില്‍ വെച്ചും ഇതുപോലെയുള്ള കൂടുകളില്‍ പട്ടികള്‍ ഭക്ഷണം കൊണ്ടുവരുന്ന സീന്‍ കാണിക്കുന്നുണ്ട്.
മലേഷ്യയില്‍ വെച്ച് പട്ടികള്‍ സോയിയെ (മ്ലാത്തി) ഉപദ്രവിക്കുന്നുണ്ട്. പട്ടികളെ ഹാന്‍ഡില്‍ ചെയ്യുന്നതില്‍ അത്ര പെര്‍ഫക്ട് അല്ലാത്ത മ്ലാത്തിക്ക് പിന്നെ എങ്ങനെയാണ് കുര്യച്ചന്റെ പട്ടികളെ നിയന്ത്രിക്കാന്‍ സാധിക്കുന്നതെന്ന സംശയം ഉണ്ടായേക്കാം. കുര്യച്ചന്‍ ഒളിവുജീവിതത്തിനായി പോയ ശേഷമാണ് മ്ലാത്തി ചേട്ടത്തിക്ക് പട്ടികളുടെ നിയന്ത്രണം ലഭിക്കുന്നത്. തങ്ങളെ പരിപാലിക്കുന്ന യജമാനോടു കൂറ് പുലര്‍ത്തുക മാത്രമാണ് പട്ടികള്‍ ചെയ്യുന്നത്. കുര്യച്ചന്‍ പോയ ശേഷം സ്വാഭാവികമായും പട്ടികള്‍ കൂടുതല്‍ ഇടപെടുന്നതും അവരെ പരിപാലിക്കുന്നതും മ്ലാത്തി ചേട്ടത്തിയാണ്. സ്വാഭാവികമായും അവയ്ക്കു മ്ലാത്തി ചേട്ടത്തിയോടു കൂറ് കാണും. അപകടകാരികളായ പട്ടികള്‍ ഇത്ര വേഗം മ്ലാത്തി ചേട്ടത്തിയോടു എങ്ങനെ അടുത്തെന്ന സംശയവും വന്നേക്കാം. അതിനുള്ള ഉത്തരമാണ് ക്ലൈമാക്‌സില്‍ മ്ലാത്തി ചേട്ടത്തി പിയൂസിനോടു പറയുന്നത്, എല്ലാ ലക്ഷണങ്ങളുമൊത്ത പട്ടികളെ ഇതുവരെ കണ്ടിട്ടില്ലെന്നു കുര്യച്ചന്‍ എപ്പോഴും പറയാറുണ്ടെന്ന് ! ഒറ്റ യജമാനന്‍ എന്ന രീതിയില്‍ കൂറുപുലര്‍ത്തുന്ന പട്ടികളൊന്നും (പിയൂസ് അല്ലാതെ) കുര്യച്ചനൊപ്പം ഉണ്ടായിരുന്നില്ലെന്ന് മ്ലാത്തി ചേട്ടത്തി പറഞ്ഞുവയ്ക്കുന്നു.
പിയൂസിനെ കുറിച്ച് മ്ലാത്തി ചേട്ടത്തി അറിഞ്ഞ ശേഷം വീടിന്റെ പിന്നില്‍ ഇരിക്കുന്നതായാണ് കാണിക്കുന്നത്. ഈ സമയത്ത് പിയൂസ് നാട്ടിലേക്കു പോയിവരുന്നെന്ന രീതിയില്‍ മ്ലാത്തി ചേട്ടത്തിയുടെ അടുത്തേക്ക് തിരിച്ചെത്തുന്നു. വീട്ടിലേക്ക് കയറും മുന്‍പ് അവിടെ നില്‍ക്കുന്ന ഒരു പട്ടിയെ കാണാം. എപ്പോഴും ചെയ്യുന്നതുപോലെ പിയൂസ് പട്ടിയുടെ തലയില്‍ തലോടാന്‍ നോക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ആ പട്ടി പിയൂസിന്റെ അടുത്തുനിന്ന് വേഗം ഒഴിഞ്ഞുമാറുന്നു. ആ സമയത്ത് പിയൂസ് കുറച്ച് അതിശയത്തോടെയാണ് അതിനോടു പ്രതികരിക്കുന്നത്. 'ഇത് എന്താണ് ഇങ്ങനെ കാണിക്കുന്നത്' എന്നൊരു സംശയഭാവത്തിലാണ് പിയൂസ് വീട്ടിലേക്ക് കയറുന്നത്. പട്ടികള്‍ക്കു മ്ലാത്തി ചേച്ചിയോടുള്ള കൂറിനെ വളരെ സിമ്പോളിക് ആയി കാണിച്ചതാണെന്നു തോന്നി. സാധാരണ പിയൂസിനോടു വളരെ സൗഹൃദത്തില്‍ പെരുമാറുന്ന പട്ടികള്‍ക്കു ഇപ്പോള്‍ പിയൂസിനോടു അനിഷ്ടമായിരിക്കുന്നു. കാരണം പിയൂസ് ആരാണെന്ന് മ്ലാത്തി ചേട്ടത്തിക്കും മനസിലായി കഴിഞ്ഞു.
മോഹന്‍ പോത്തനെ കൊല്ലുന്നത് കുര്യച്ചനാണോ മ്ലാത്തി ചേട്ടത്തിയാണോ? മോഹന്‍ പോത്തന്‍ വഴി എല്ലാ സത്യങ്ങളും അറിഞ്ഞ മ്ലാത്തി ചേട്ടത്തി തന്നെയാണ് അയാളെ പട്ടികളെ അയച്ച് കൊല്ലുന്നത്. കാരണം അപ്പോഴേക്കും പട്ടികളുടെ എല്ലാ നിയന്ത്രണവും മ്ലാത്തി ചേട്ടത്തിയിലേക്ക് എത്തിക്കഴിഞ്ഞിട്ടുണ്ട്. തന്റെ നിയന്ത്രണത്തില്‍ കഴിയുന്ന കുര്യച്ചനെ മോഹന്‍ പോത്തന്‍ കണ്ടെത്തരുതെന്നതിനൊപ്പം മ്ലാത്തിക്ക് മോഹന്‍ പോത്തനോടു വ്യക്തിപരമായി തീര്‍ക്കേണ്ട ചില കണക്കുകള്‍ കൂടിയുണ്ട്. കുര്യച്ചന്‍ തന്നെ ചതിച്ചപ്പോള്‍ അതിനൊപ്പം നിന്ന മോഹന്‍ പോത്തനോടു മ്ലാത്തി ചേട്ടത്തി പൊറുക്കേണ്ട കാര്യമില്ല !
മലേഷ്യയില്‍ വെച്ച് കുര്യച്ചന്‍ പട്ടികളെ വെടിവെച്ച് കൊല്ലുന്നത് എന്തിനായിരിക്കും? അത് സോയിയോടുള്ള സ്‌നേഹം കൊണ്ടൊന്നും അല്ലെന്ന് മോഹന്‍ പോത്തന്‍ തന്നെ പറയുന്നുണ്ട്. മറിച്ച് എല്ലാ പട്ടികളെയും തനിക്കു നിയന്ത്രിക്കാന്‍ കഴിയുമെന്ന ഓവര്‍ കോണ്‍ഫിഡന്‍സും അഹങ്കാരവും കുര്യച്ചനു ഉണ്ടായിരുന്നു. അവിടെയാണ് കുര്യച്ചന്റെ ഈഗോ ഹര്‍ട്ടായത്. ആ പ്രതികാരമാണ് പട്ടികളെ കൊന്നൊടുക്കി കുര്യച്ചന്‍ തീര്‍ത്തത്.
ഏറ്റവും കൗതുകമായി തോന്നിയ മറ്റൊരു കാര്യം കുര്യച്ചന്‍ എവിടെയാണെന്ന് ആകെ അറിയാവുന്നത് പട്ടികള്‍ക്കു മാത്രമാണ്. കുര്യച്ചന്‍ മ്ലാത്തി ചേട്ടത്തിയുടെ നിയന്ത്രണത്തില്‍ ആണെങ്കിലും ആ സ്ഥലം ഏതെന്നു മ്ലാത്തിക്കും അറിയില്ല !