'സാമ്പത്തികമായി പ്രശ്നമാണ്, ഡാൻസ് ചെയ്തേ പറ്റൂ'; പൂജ്യത്തിൽ നിന്നും മഞ്ജു വാര്യർ കെട്ടിപ്പടുത്ത സമ്പത്ത് എത്ര?
ചിറകടിച്ച് പറന്നുയർന്ന മഞ്ജുവിന്റെ ഇന്നത്തെ ആസ്തി 145 കോടിയാണ്.
ഉള്ളതെല്ലാം വിട്ടുകൊടുത്താണ് മഞ്ജു വാര്യർ ഡിവോഴ്സ് കഴിഞ്ഞ് ആലുവയിലെ ദിലീപിന്റെ വീടിന്റെ പടിയിറങ്ങിയത്. അത്രമേൽ സ്നേഹിച്ച മകളെയും മഞ്ജു അവൾക്ക് ഏറെ പ്രിയപ്പെട്ട അച്ഛനോടൊപ്പം വിട്ടയച്ചു. മകളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം മഞ്ജു ഉന്നയിച്ചിരുന്നില്ല. ജീവനാംശം വേണ്ടെന്ന് പറഞ്ഞ് പടിയിറങ്ങുമ്പോൾ മഞ്ജുവിന്റെ കയ്യിൽ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. തളർന്ന് വീണയിടത്ത് നിന്നും ചിറകടിച്ച് പറന്നുയർന്ന മഞ്ജുവിന്റെ ഇന്നത്തെ ആസ്തി 145 കോടിയാണ്.
തിരിച്ചുവരവിൽ മഞ്ജു ആദ്യം തുടങ്ങിയത് ഡാൻസ് ആണ്. നൃത്തം അവതരിപ്പിച്ചാണ് മഞ്ജു രണ്ടാമതും സിനിമയിലേക്ക് ചുവടുകൾ വെച്ചത്. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നായികയാണ് മഞ്ജു ഇന്ന്. 80 ലക്ഷത്തിലധികമാണ് മഞ്ജുവിന്റെ പ്രതിഫലം. തമിഴിൽ ഒന്നര കോടിയാണ് മഞ്ജുവിന്റെ പ്രതിഫലം എന്നാണ് സൂചന. മഞ്ജു വാര്യർ പടി പടിയായാണ് സാമ്പത്തികമായി വളർന്നത്. ഇന്നും ലളിതമായ ജീവിതമാണ് മഞ്ജു വാര്യർ ആഗ്രഹിക്കുന്നത്.
മഞ്ജുവിന്റെ ഏക ആഡംബരം ലക്ഷ്വറി കാറുകളാണ്. കാറുകളോട് വലിയ താൽപര്യം താരത്തിനുണ്ട്. മിനികൂപ്പർ എസ്ഇ ഇലക്ട്രിക് ഹാച്ച്ബാക്ക് വാങ്ങിയ ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റി മഞ്ജു വാര്യർ ആണ്. റേഞ്ച് റോവർ, ബെൻസ് എന്നീ കാറുകളും മഞ്ജു വാര്യരുടെ കലക്ഷനിലുണ്ട്. ഇതിന് പുറമെ ലക്ഷ്വറി ബെെക്കായ ബിഎംഡബ്ല്യു ആർ 1250 ജിഎസും 21 ലക്ഷം രൂപ മുടക്കി താരം സ്വന്തമാക്കി. വീടും കാറും ഉൾപ്പെടെ 145 കോടിയോളം ആസ്തി മഞ്ജുവിന് ഇന്നുണ്ടെന്നാണ് സൂചന.
ഇന്നത്തെ നിലയിലേക്കുള്ള മഞ്ജു വാര്യരുടെ വളർച്ച ഏവർക്കും പ്രചോദനമാണ്. ഒരു ഘട്ടത്തിൽ സാമ്പത്തികമായി ഒന്നും കെെയ്യിലില്ലാതിരുന്ന ആളാണ് മഞ്ജു വാര്യർ. നൃത്ത വേദികളിലൂടെ പണം സ്വരൂപിച്ച ഒരു സമയം മഞ്ജുവിനുണ്ട്. ഒരിക്കൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ട സമയത്ത് മഞ്ജു വാര്യരുടെ കെെയ്യിൽ പണമൊന്നും ഇല്ലായിരുന്നെന്നാണ് ഭാഗ്യലക്ഷ്മി സൂചിപ്പിച്ചത്. മഞ്ജു തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി അന്ന് റിപ്പോർട്ടർ ചാനലിൽ പറഞ്ഞു.
'കരിക്കകം ക്ഷേത്രത്തിലുള്ളവർ എന്നെ വിളിച്ചു. ഉത്സവ കാലത്ത് ഡാൻസിന് മഞ്ജു വാര്യരെ സംഘടിപ്പിച്ച് തരാമോ എന്ന് ചോദിച്ചു. ഗീതു മോഹൻദാസിനോട് സംസാരിച്ചപ്പോൾ മഞ്ജുവിന്റെ നമ്പർ തന്നു. ഞാൻ മഞ്ജുവിനെ വിളിച്ചു. ഡാൻസ് കളിക്കുമോ എന്ന് ചോദിച്ചു. കളിക്കും ചേച്ചി, ഡാൻസ് ചെയ്തേ പറ്റൂ. സാമ്പത്തികമായി ഞാൻ വളരെ പ്രശ്നത്തിലാണ്. കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. കെെയ്യിൽ പെെസ ഇല്ല, പെെസ വേണം എന്ന് പറഞ്ഞു. അങ്ങനെ ആ ക്ഷേത്രത്തിൽ നല്ല തുകയ്ക്ക് മഞ്ജു വാര്യർ ഡാൻസ് ചെയ്തെന്നും ഭാഗ്യലക്ഷ്മി അന്ന് ചൂണ്ടിക്കാട്ടി.
മഞ്ജുവിന്റെ മുൻ ഭർത്താവ് നടൻ ദിലീപിനെതിരെ സംസാരിക്കവെയായിരുന്നു പരാമർശം. അക്കാലത്ത് ദിലീപും മഞ്ജു വാര്യരും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. വിവാഹ ജീവിതം തകർന്നതോടെ ഭർത്താവ് ദിലീപിൽ നിന്നും ജീവനാംശമായ ഒന്നും വാങ്ങാതെയാണ് മഞ്ജു വാര്യർ പുതിയൊരു ജീവിതം കെട്ടിപ്പടുത്തത്.