75000 രൂപ ഉണ്ടെങ്കിൽ മമ്മൂട്ടിയുടെ വീട്ടിൽ ഒരു ദിവസം താമസിക്കാം!
വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്.
പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പഴയ വീട് ആരാധകർക്കായി തുറന്നു നൽകാൻ തീരുമാനിച്ച വിവരം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, എത്ര രൂപ ചിലവ് വരുമെന്നതടക്കമുള്ള കൂടുതൽ കാര്യങ്ങൾ പുറത്ത്. റിനോവേഷന്‍ നടത്തി 'മമ്മൂട്ടി ഹൗസ്' കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നുനല്‍കി. വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്.
ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു. 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാനായുള്ള തുക. ഒരു ദിവസത്തെ ചിലവാണിത്. കൂടുതൽ പണം നൽകിയാൽ ഒന്നിൽ കൂടുതൽ ദിവസം വേണമെങ്കിൽ താമസിക്കാം.
നടൻ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിച്ചത് കെ.സി. ജോസഫ് റോഡിലെ ഈ വീട്ടിലാണ്. ഇവിടെ നിന്ന് വൈറ്റില, അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് മമ്മൂട്ടി മാറിത്താമസിച്ചിട്ട് കുറച്ച് വര്‍ഷങ്ങളായതേയുള്ളൂ. എന്നാലും മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാനായി ആരാധകരെത്തുന്നത് പനമ്പിള്ളി നഗറിലേക്കാണ്. 2008 മുതല്‍ 2020 വരെ മമ്മൂട്ടി കുടുംബവുമൊത്ത് താമസിച്ചത് ഇവിടെയാണ്. ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഈ വീട്ടില്‍ നിന്നായിരുന്നു. ഓർമ്മകൾ ഏറെയുള്ള മമ്മൂട്ടി ഹൗസിലേക്ക് ഇപ്പോഴും കുടുംബാംഗങ്ങള്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്താറുണ്ട്.