അച്ഛൻ മരിച്ചപ്പോൾ മോഹൻലാലും മമ്മൂട്ടിയും കാണാൻ വന്നു, അവരെ കണ്ട് ആളുകൾ ആർപ്പുവിളിക്കാനും വിസിലടിക്കാനും തുടങ്ങി; പൃഥ്വിരാജ്
അച്ഛൻ സുകുമാരൻ മരിച്ചപ്പോൾ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് പൃഥ്വിരാജ്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ട്രെയിലർ പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർന്നിരിക്കുകയാണ്. ചിത്രം മാർച്ച് 27 ന് റിലീസ് ആകും. റിലീസിന് മുന്നോടിയായുള്ള പ്രൊമോഷൻ തിരക്കുകളിലാണ് സംവിധായകൻ. അത്തരത്തിൽ തമിഴിലെ ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ പൃഥ്വി സംസാരിച്ചു. തന്റെ പിതാവിന്റെ വിയോഗമുണ്ടായ സമയത്ത് തനിക്കുണ്ടായ വലിയൊരു വേദനയെ പറ്റിയാണ് ബിഹൈൻഡ്‌വുഡ്‌സ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് തുറന്നു പറയുന്നത്.
'അന്നത്തെ കാലത്ത് ഒരു സെലിബ്രിറ്റി മരിച്ചിട്ടുണ്ടെങ്കിൽ എല്ലാ ആളുകൾക്കും കാണാനുള്ള അവസരം ഒരുക്കും. പൊതുവായൊരു സ്ഥലത്ത് പൊതുദർശനം ഉണ്ടാവുമായിരുന്നു. ഞാനേറ്റവും വെറുക്കുന്ന കാര്യമാണത്. എനിക്കത് ഒട്ടും ഇഷ്ടമല്ല. കാരണം മരിച്ച ആളുടെ കുടുംബവും അവിടെയുണ്ടാവും. അവരുടെ ഹൃദയം തകർന്നിരിക്കുന്ന സമയമാണത്. എന്നെ സംബന്ധിച്ചിടത്തോളം, സെലിബ്രിറ്റികളുടെ മരണവീട്ടിലേക്ക് ആരാധകരെ പ്രവേശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം എനിക്കുണ്ടായത് വളരെ മോശമായ അനുഭവമാണ്.
എന്റെ അച്ഛൻ മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചിരുന്നു. അദ്ദേഹത്ത അവസാനമായി കാണാൻ മലയാള സിനിമയിലെ നിരവധി താരങ്ങളും പ്രമുഖരുമൊക്കെ എത്തിയിരുന്നു. ഞങ്ങളുടെ കുടുംബം ആകെ തകർന്നിരിക്കുകയാണ്. പുറത്ത് നിൽക്കുന്ന ആളുകൾ നോക്കുമ്പോൾ വലിയ താരങ്ങളൊക്കെ കാറി്ൽ വന്നിറങ്ങുകയാണ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ കണ്ടപ്പോൾ വീടിന് പുറത്ത് നിന്ന ആരാധകർ ആർപ്പുവിളിക്കുകയും കൈയടിക്കുകയും വിസിൽ മുഴക്കുകയും ചെയ്തു.
ഞാനടക്കമുള്ളവരെല്ലാം കേട്ട് കൊണ്ടിരിക്കുകയാണ്. എന്റെ അച്ഛനിവിടെ മരിച്ച് കിടക്കുകയാണ്. അപ്പോഴാണ് ആളുകൾ അങ്ങനൊരു പ്രവൃത്തി ചെയ്യുന്നത്. അതിപ്പോഴും എനിക്ക് നല്ലത് പോലെ ഓർമ്മയുണ്ട്. അതൊരിക്കലും എന്റെ നല്ല ഓർമ്മയല്ല. അന്ന് കൈയടിക്കുകയും ചിരിക്കുകയും ചെയ്ത ആരാധകർക്ക് ഞങ്ങളുടെ വലിയ വേദനയെ കുറിച്ച് അറിയില്ല. ആ ആരാധകരൊന്നും എന്റെ മാനസികാവസ്ഥയെ കുറിച്ചും കുടുംബത്തിന്റെ മാനസികാവസ്ഥയെ കുറിച്ചുമൊന്നും ചിന്തിച്ചിട്ടില്ല.
ചെറുപ്പം മുതലേ ആരുടെയെങ്കിലും മുന്നിൽ കരയുക എന്നത് എനിക്കേറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്യാമറയുടെ മുന്നിൽ എനിക്കത് എളുപ്പമാണ്. യഥാർഥ ജീവിതത്തിൽ എനിക്കേറ്റവും ബുദ്ധിമുട്ട് കരയാനാണ്. അങ്ങനെയുള്ള എന്നെ ആളുകൾ തകർത്തൊരു നിമിഷമാണത്. ഉള്ളിലുള്ള വേദന പുറത്ത് കാണിക്കാൻ എനിക്കന്ന് സാധിച്ചിരുന്നില്ല. അന്ന് നടന്ന സംഭവത്തെ കുറിച്ച് പിന്നീട് നടൻ മനോജ് കെ ജയനാണ് വെളിപ്പെടുത്തുന്നതെന്നും അച്ഛനുമായി അടുത്ത സൗഹൃദമുള്ള ആളാണെന്നും' പൃഥ്വിരാജ് പറയുന്നു.