മോഷണത്തിനിടെ ആക്രമിയാൽ കുത്തേറ്റ സംഭവത്തില്‍ നടന്‍ സെയ്ഫ് അലിഖാന്റെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. സംഭവം നടക്കുന്നത് മകന്റെ മുറിയിൽ വെച്ചാണെന്ന് സെയ്ഫ് പറഞ്ഞു. താനും ഭാര്യ കരീനയും വേറെ മുറിയില്‍ ആയിരുന്നുവെന്നും ജോലിക്കാരി ബഹളം വച്ചതു കേട്ടാണ് മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നുമാണ് സെയ്ഫ് പറയുന്നത്. പ്രതിയെ മുറിക്കുള്ളിലേക്ക് തള്ളിയിട്ട് പൂട്ടിയിട്ടെങ്കിലും രക്ഷപ്പെട്ടുവെന്നും സെയ്ഫ് മൊഴി നല്‍കി.
ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിക്കുമ്പോള്‍ മകന്‍ കരയുകയായിരുന്നു. പ്രതിയെ താന്‍ മുറുകെ പിടിച്ചതോടെ അയാള്‍ കുത്തി. തുടര്‍ച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞു. എങ്കിലും ഇയാളെ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. എന്നാല്‍ അവിടെ നിന്ന് പ്രതി കടന്നുകളഞ്ഞു എന്നാണ് സെയ്ഫിന്റെ മൊഴി.
അതേസമയം, ജനുവരി 16ന് പുലര്‍ച്ചെ ആയിരുന്നു സെയ്ഫിനെതിരെ ആക്രമണം നടന്നത്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. കേസില്‍ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഷരീഫുള്‍ ഇസ്ലാമാണ് അറസ്റ്റിലായത്.