രാജമൗലി പടത്തിൽ ലോജിക് ഉണ്ടോ എന്ന് കരൺ ജോഹർ
ലോജിക്ക് ഇല്ലാത്ത സിനിമയായിട്ടും ചിത്രങ്ങൾ ഹിറ്റാകുന്നത് സംവിധായകന്റെ ബോധ്യമാണ് എന്നാണ് കരൺ ജോഹർ പറയുന്നത്
രാജമൗലി സിനിമകളിൽ ലോജിക്ക് ഇല്ലാത്തതു കൊണ്ടാണ് വിജയിക്കുന്നതെന്ന് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. ലോജിക്ക് ഇല്ലാത്ത സിനിമയായിട്ടും ചിത്രങ്ങൾ ഹിറ്റാകുന്നത് സംവിധായകന്റെ ബോധ്യമാണ് എന്നാണ് കരൺ ജോഹർ പറയുന്നത്. ട്രേഡ് അനലിസ്റ്റ് കോമൾ നഹ്തയുമായി നടത്തിയ സംഭാഷണത്തിലാണ് കരൺ ജോഹർ രാജമൗലി സിനിമകളെ കുറിച്ച് സംസാരിച്ചത്.
ഒരു സിനിമയിൽ ലോജിക്ക് ഇല്ലെന്ന് അറിയാമായിരുന്നിട്ടും പിന്നീട് അത് എന്തുകൊണ്ട് സിനിമയാകുന്നു എന്നായിരുന്നു കരണിനോടുള്ള ചോദ്യം. ബോധ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജമൗലിയുടെ ഏത് ചിത്രം എടുത്താലാണ് നിങ്ങൾക്ക് യുക്തി കാണാനാവുക അതിൽ ബോധ്യം മാത്രമേയുള്ളു എന്നും കരൺ വ്യക്തമാക്കി.
'രാജമൗലി പടത്തിൽ എവിടെ നിങ്ങൾക്ക് ലോജിക്ക് കണ്ടെത്താനാകും? എസ്എസ് രാജമൗലിയുടെ സിനിമയിൽ ഒരാൾക്ക് സംവിധായകന്റെ ബോധ്യം മാത്രമേ കാണാനാകൂ. ആ ബോധ്യം മുന്നിൽ വരുമ്പോൾ, പ്രേക്ഷകർ പോലും നിങ്ങളെ വിശ്വസിക്കും. അനിമൽ, ആർആർആർ, ഗദർ എന്നിവയുൾപ്പെടെ എല്ലാ പ്രധാന ബ്ലോക്ക്ബസ്റ്ററുകൾക്കും ഇത് ബാധകമാണ്. അവയെല്ലാം ബോധ്യത്താൽ നയിക്കപ്പെട്ടതാണ്. വലിയ സിനിമകളെല്ലാം നിർമിച്ചിരിക്കുന്നത് ബോധ്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്. അല്ലാതെ ഒരു ഹാൻഡ് പമ്പ് കൊണ്ട് ആയിരം ആളുകളെ അടിച്ചോടിക്കാൻ കഴിയുമോ? ലോജിക്കിന് പ്രാധാന്യം നൽകുന്നത് സിനിമയുടെ പരാജയത്തിന് കാരണമായേക്കാം', കരൺ ജോഹർ പറഞ്ഞു.