ദൃശ്യം 3 എന്തായി ലാലേട്ടാ...?; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് മോഹൻലാലിന്റെ മറുപടി
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാന്റെ പ്രൊമോഷൻ തിരക്കിലാണ് അണിയറ പ്രവർത്തകർ. പ്രൊമോഷനിടെ മോഹൻലാലിന്റെ പ്രഖ്യാപന സിനിമകളെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. അതിലൊരു ചോദ്യമായിരുന്നു 'ദൃശ്യം 3 എന്തായി' എന്നത്. മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3. ഇതിന് മോഹൻലാൽ നൽകിയ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ ജോർജുകുട്ടി വീണ്ടും എത്തുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് മോഹൻലാൽ. എമ്പുരാൻ സിനിമയുടെ പ്രമോഷൻ ഭാഗമായി ഹോളിവുഡ് റിപ്പോർട്ടർക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സ്ക്രിപ്റ്റ് ഫൈനൽ ആയിട്ടില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി. ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച രണ്ട് പതിപ്പുകൾക്ക് ശേഷമാണ് ദൃശ്യം 3 എത്തുന്നത്.
'ദൃശ്യം 3 ഉറപ്പായും വരും. അണിയറയിൽ സിനിമ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്ക്രിപ്റ്റ് ഏറെക്കുറെ റെഡി ആണ്. ഫൈനൽ ആയിട്ടില്ല ജിത്തു ആണ് ബാക്കി കാര്യങ്ങൾ പറയേണ്ടത്. എന്തായാലും ദൃശ്യം 3 വരും. ഒരുപാട് പേർ സിനിമയെക്കുറിച്ച് ചോദിക്കുന്നുണ്ട്. വർക്കുകൾ പുരോഗമിക്കുന്നുണ്ട്,' മോഹൻലാൽ പറഞ്ഞു.