Mammootty as Pablo Escobar: 'ധനാഢ്യനായ ലഹരി മാഫിയ തലവന്‍'; ഇന്ത്യന്‍ എസ്‌കോബാറാകാന്‍ മമ്മൂട്ടി
കൊളംബിയന്‍ ഡ്രഗ് ലോര്‍ഡ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ എസ്‌കോബാറിനെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് വിവരം
Mammootty as Pablo Escobar: 'കിങ് ഓഫ് കൊക്കൈന്‍' എന്നറിയപ്പെടുന്ന പാബ്ലോ എസ്‌കോബാറായി വേഷമിടാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏറ്റവും സമ്പന്നനായ ലഹരി മാഫിയ തലവന്‍ എന്നാണ് എസ്‌കോബാര്‍ അറിയപ്പെടുന്നത്.
കൊളംബിയന്‍ ഡ്രഗ് ലോര്‍ഡ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ എസ്‌കോബാറിനെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് വിവരം. 'മാര്‍ക്കോ'യിലൂടെ ശ്രദ്ധേയനായ യുവ നിര്‍മാതാവ് ഷെരീഫ് മുഹമ്മദിന്റെ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് ഉറപ്പായെങ്കിലും താരത്തിന്റെ കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടയിലാണ് പാബ്ലോ എസ്‌കോബാറായാണ് മമ്മൂട്ടി എത്തുന്നതെന്ന ചില അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിനു ശേഷമായിരിക്കും മമ്മൂട്ടിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുക. സംവിധായകന്‍ ആരാണെന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. അബ്രഹാമിന്റെ സന്തതികള്‍ ഒരുക്കിയ ഷാജി പാടൂര്‍ ആയിരിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും നിര്‍മാണ കമ്പനി തന്നെ അത് തള്ളിക്കളഞ്ഞു. ഹനീഫ് അദേനിയോ അല്ലെങ്കില്‍ ഏതെങ്കിലും പുതുമുഖ സംവിധായകനോ ആയിരിക്കും മമ്മൂട്ടി-ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം സംവിധാനം ചെയ്യുക. അമല്‍ നീരദിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.