മലയാളത്തിന്റെ രാജകുമാരിയായി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്. ശേഷം, സിനിമയിൽ നിന്നും പൊതുവേദികളിൽ നിന്നും മഞ്ജു വിട്ടുനിന്നു. 14 വർഷത്തിന് ശേഷം വിവാഹമോചനം കഴിഞ്ഞ് മഞ്ജു തിരിച്ച് മലയാളത്തിലെത്തി. അഭിനയം മാത്രം തൊഴിലായി അറിയാവുന്ന മഞ്ജുവിന്റെ വരവ് മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോൾ മലയാളത്തിന് പുറമെ തമിഴിലും തിരക്കിലാണ് മഞ്ജു.
അഭിമുഖങ്ങളിൽ മഞ്ജു വളരെ പക്വതയോടെയാണ് സംസാരിക്കാറുള്ളത്. വിവാഹ മോചനത്തെക്കുറിച്ചും ദിലീപിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങൾ മഞ്ജു നൽകിയ മറുപടിക്ക് കയ്യടി ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായ ഒരു ചോദ്യം അഭിമുഖത്തിനിടെ ചോദിച്ചപ്പോൾ ഒട്ടും ദേഷ്യപ്പെടാതെയായിരുന്നു മഞ്ജു മറുപടി പറഞ്ഞത്. കേൾക്കാനും പറയാനും ബുദ്ധിമുട്ടുള്ള മറുപടിയാണെങ്കിൽ ഞാൻ അത് എന്തിന് പറയണം, എന്നായിരുന്നു. ഒന്നിനും ഇല്ലാതെ മിണ്ടാതെ സമാധാനപരമായി ഇരിക്കുന്ന ആളാണ് ഞാൻ, അതാണ് എനിക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യം, അപ്പോൾ അതാവും എന്റെ ഉത്തരങ്ങളിൽ പ്രതിഫലിക്കുന്നത് എന്നായിരുന്നു ചിരിയോടെ മഞ്ജു പറഞ്ഞത്.
ഇപ്പോൾ ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണ് എന്ന ചോദ്യത്തിന് മഞ്ജു പറഞ്ഞ മറുപടിയാണ് വൈറൽ. ഒന്ന് ആലോചിച്ച ശേഷം ചെറിയൊരു പുഞ്ചിരിയോടെ ഞാൻ എവിടെയാണോ ഉള്ളത് അവിടെ എന്നാണ് താരം ഉത്തരം നൽകിയത്. മഞ്ജു വാര്യരുടെ മറുപടിയെ അഭിനന്ദിക്കുകയാണ് ആരാധകർ. ഈയൊരു പക്വത തന്നെയാണ് മഞ്ജുവിനെ വ്യത്യസ്തയാക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.