Marco Movie Social Media Review: കൊടൂര വയലന്‍സ്, മനക്കട്ടിയില്ലാത്തവര്‍ കയറരുത്; 'മാര്‍ക്കോ' ആദ്യ പകുതി പ്രതികരണങ്ങള്‍
വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമുള്ളതിനാല്‍ എ സര്‍ട്ടിഫിക്കറ്റാണ് മാര്‍ക്കോയ്ക്കു ലഭിച്ചിരിക്കുന്നത്
Marco Movie Social Media Review: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത 'മാര്‍ക്കോ' തിയറ്ററുകളില്‍. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 'കൊടൂര വയലന്‍സ്' എന്നാണ് ആദ്യ പകുതിക്ക് ശേഷം ഒരു പ്രേക്ഷകന്‍ പ്രതികരിച്ചത്. ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ രംഗങ്ങളും രവി ബാസുറിന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകര്‍ക്കു വല്ലാത്തൊരു കിക്കാണ് നല്‍കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
മനക്കട്ടിയില്ലാത്തവര്‍ മാര്‍ക്കോയ്ക്കു ടിക്കറ്റെടുക്കരുതെന്നാണ് ആദ്യ പകുതിക്ക് ശേഷം മറ്റൊരു പ്രേക്ഷകന്‍ കുറിച്ചത്. അത്രത്തോളം വയലന്‍സ് രംഗങ്ങളാണ് സിനിമയിലുള്ളത്. ഇന്റര്‍വെല്ലിനു മുന്‍പുള്ള ഫൈറ്റ് രംഗം കിടിലനാണെന്നും മറ്റൊരു പ്രേക്ഷകന്‍ പ്രതികരിച്ചിരിക്കുന്നു. രാവിലെ പത്ത് മണിയോടെ പലയിടത്തും ആദ്യ പ്രദര്‍ശനം ആരംഭിച്ചു.
വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമുള്ളതിനാല്‍ എ സര്‍ട്ടിഫിക്കറ്റാണ് മാര്‍ക്കോയ്ക്കു ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് 18 വയസ്സിനു താഴെയുള്ളവര്‍ക്കു ഈ സിനിമ കാണാന്‍ സാധിക്കില്ല. മാതാപിതാക്കള്‍ കുട്ടികളെ തിയറ്ററുകളിലേക്കു കൊണ്ടുപോകരുത്. ആദ്യ ഷോയ്ക്കു എത്തിയ 18 വയസ്സിനു താഴെയുള്ള കുട്ടികളെ ചില തിയറ്ററുകളില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ആക്ഷന്‍ രംഗങ്ങള്‍ക്കു പ്രാധാന്യമുള്ള ചിത്രത്തില്‍ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വയലന്‍സ് രംഗങ്ങള്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. സിനിമയില്‍ അഭിനയിച്ച നടന്‍ ജഗദീഷും ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 'ഒട്ടും കരുണയില്ല' എന്ന ക്യാപ്ഷനോടെയാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ മാര്‍ക്കോയുടെ അപ്ഡേറ്റുകള്‍ പുറത്തുവിട്ടത്.
ഹനീഫ് അദേനി തന്നെയാണ് മാര്‍ക്കോയുടെ തിരക്കഥ. ഷരീഫ് മുഹമ്മദ് ആണ് നിര്‍മാണം. സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് രവി ബാസ്റുര്‍. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്.