കാവാലം നാരായണപ്പണിക്കരുടെ കര്‍ണഭാരം നാടകത്തിൽ മോഹൻലാൽ ആയിരുന്നു കർണ്ണനെ അവതരിപ്പിച്ചത്. ആ നാടകത്തിനായി താന്‍ തയ്യാറെടുത്തത് എട്ട് ദിവസം കൊണ്ടാണെന്ന് മോഹന്‍ലാല്‍. ഇനിയൊരിക്കലും തനിക്ക് അതുപോലെ അഭിനയിക്കാന്‍ സാധിക്കില്ലെന്നും മോഹന്‍ലാല്‍. ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഡിഡി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
''ഡല്‍ഹിയിലെ വിഖ്യാതമായ കമാനി ഓഡിറ്റോറിയത്തില്‍ ഞാന്‍ കര്‍ണഭാരം നാടകം അവതരിപ്പിച്ചിട്ടുണ്ട്. കാവാലം നാരായണപ്പണിക്കര്‍ സാറിനോടാണ് കടപ്പെട്ടിരിക്കുന്നത്. അദ്ദേഹം നാടകത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എനിക്കിത് പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഇനിക്കിത് അറിയില്ല. നിങ്ങള്‍ക്കു പറ്റും ലാല്‍ എന്ന് അദ്ദേഹം പറഞ്ഞു. അത് അനുഗ്രഹമാണ്. എട്ട് ദിവസം മാത്രം പരിശീലനം ചെയ്താണ് അവതരിപ്പിച്ചത്.
''പൊതുവെ നാടകത്തിനായി പെര്‍ഫോം ചെയ്ത് പ്രാക്ടീസ് ചെയ്യണം. ഞാന്‍ ഡയലോഗുകളെല്ലാം കാണാപാഠം പഠിച്ചു. അത് അസാധ്യമായൊന്നാണ്. നാടകം വായിക്കാന്‍ മൂന്ന് മിനുറ്റ് മതിയായേക്കും. പക്ഷെ രണ്ട് മണിക്കൂര്‍ വേണം അവതരിപ്പിക്കാന്‍. അത്യധികം സ്റ്റൈലൈസ്ഡ് ആയ നാടകമാണത്. പാടണം, നൃത്തം ചെയ്യണം, പെര്‍ഫോം ചെയ്യണം, കര്‍ണന്റെ വികാരങ്ങളാണ് അവതരിപ്പിക്കുന്നത്. ഭാസന്‍ എഴുതിയ 200 വര്‍ഷം പഴയ നാടകമാണത്. നിങ്ങള്‍ക്കിത് പറ്റുമെന്ന് സാര്‍ പറഞ്ഞു.
ഞാന്‍ പെര്‍ഫോം ചെയ്തപ്പോള്‍ അവര്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും വീണ്ടും ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് തവണ പെര്‍ഫോം ചെയ്തു. പിന്നീട് ബോംബെയിലും അവതരിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അവതരിപ്പിക്കാനായില്ല. പിന്നാലെ അദ്ദേഹം അന്തരിച്ചു. ഞങ്ങള്‍ കാളിദാസന്റെ ഒരു നാടകം ചെയ്യാനിരിക്കുകയായിരുന്നു.
എനിക്കിത് വീണ്ടും ചെയ്യാനാകുമോ എന്നറിയില്ല. ഈയ്യടുത്ത് ഞാന്‍ ആ തിരക്കഥ വായിച്ചിരുന്നു. എങ്ങനെ ഞാനിത് ചെയ്തുവെന്ന് അത്ഭുതപ്പെട്ടു. ഭാഗ്യവശാല്‍ നടന്‍ മനോജ് ജോഷി കര്‍ണഭാരത്തിന്റെ വീഡിയോ ആര്‍ക്കൈവില്‍ നിന്നും എടുത്തു തന്നു. എനിക്കത് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി. ഇപ്പോഴത് യൂട്യൂബില്‍ കാണാം'' എന്നും അദ്ദേഹം പറയുന്നുണ്ട്.