Mohanlal: ചെയ്തുകൊണ്ടിരിക്കുന്നത് 'ഭ.ഭ.ബ', അടുത്തത് ദൃശ്യം 3; മോഹന്‍ലാല്‍ പ്രൊജക്ടുകള്‍
തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നും ലാലിനു അവസരങ്ങള്‍ വന്നിട്ടുണ്ട്
Mohanlal: പ്രൊമിസിങ് പ്രൊജക്ടുകളുമായി മോഹന്‍ലാല്‍. ഓണം റിലീസായി സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വം' എത്തുമ്പോള്‍ ഈ വര്‍ഷം തന്നെ ഒന്നിലേറെ പ്രൊജക്ടുകളില്‍ ലാല്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നു.
'എന്നും എപ്പോഴും' ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന 'ഹൃദയപൂര്‍വ്വം' ഓഗസ്റ്റ് 29 നാണ് തിയറ്ററുകളിലെത്തുക. നിലവില്‍ ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലാണ് മോഹന്‍ലാല്‍. ഒപ്പം ബിഗ് ബോസ് മലയാളത്തിലും അവതാരകനായി എത്തുന്നു.
'ഭ.ഭ.ബ' എന്ന ദിലീപ് ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റേത് കാമിയോ കഥാപാത്രമാണ്. അതിനു ശേഷം 'ദൃശ്യം 3'യില്‍ മോഹന്‍ലാല്‍ അഭിനയിക്കും. ദൃശ്യം സീരിസിന്റെ അവസാന ഭാഗമാണ് ഇത്. അതിനുശേഷം ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിലാകും മോഹന്‍ലാല്‍ അഭിനയിക്കുക. നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റേത് പൊലീസ് കഥാപാത്രമാണ്. ഈ സിനിമയ്ക്കായി മോഹന്‍ലാല്‍ പൂര്‍ണമായി താടിയെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നും ലാലിനു അവസരങ്ങള്‍ വന്നിട്ടുണ്ട്. ചിലതെല്ലാം കഥ കേട്ടു. മലയാളത്തിനു പുറത്തുള്ള ഭാഷകളിലെ പ്രൊജക്ടുകളില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. അജിത്തിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല.