'ഒരു സിനിമ ചെയ്യണമെന്നേ പറഞ്ഞുള്ളൂ, നന്നായി ചെയ്താൽ അവർക്ക് കൊള്ളാം': വിസ്മയയുടെ അരങ്ങേറ്റത്തെ കുറിച്ച് മോഹൻലാൽ
വിസ്മയയുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.
മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നു. ഈ വാർത്ത വലിയ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. 2018 എന്ന സൂപ്പർ ഹിറ്റിന് ശേഷം സംവിധായകൻ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ സിനിമാ അരങ്ങേറ്റം.
അഭിനയിക്കണമെന്ന ആഗ്രഹം വിസ്മയ പങ്കുവച്ചെന്നും ആ സമയത്ത് ജൂഡ് ആന്തണിയുടെ കഥ കേട്ട് ഇഷ്ടമായെന്നും മോഹൻലാൽ പറഞ്ഞു. ചിത്ര രചന, മാർഷ്യൽ ആർട്സ് തുടങ്ങിയ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുള്ള ആളാണ് വിസ്മയ എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
"അവർക്ക് സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞു. ആക്ടിങ് സ്കൂളിലൊക്കെ പഠിച്ചയാളാണ് അവർ. ഒരുപാട് കാര്യങ്ങൾ പഠിക്കുന്ന കുട്ടിയാണ്. ആ കുട്ടി സിനിമയിൽ അഭിനയിക്കണമെന്ന് താല്പര്യം പ്രകടിപ്പിച്ചു. തുടർച്ചയായി സിനിമ ചെയ്യണമെന്നൊന്നും പറഞ്ഞില്ല. ഒരു സിനിമ ചെയ്യണമെന്നേ പറഞ്ഞുള്ളൂ.
ഒരുപക്ഷേ പ്രണവ് സിനിമയിലഭിനയിച്ചതു കണ്ടതു കൊണ്ടാകാം വിസ്മയക്കും അങ്ങനെ തോന്നിയത്. എനിക്കും സിനിമ ചെയ്യാൻ സമയമായി, ഐ ആം പ്രിപ്പയേർഡ് എന്ന് പറഞ്ഞപ്പോഴാണ് ഈ സിനിമയുണ്ടായത്. ജൂഡ് ആന്തണിയുടെ ഒരു കഥ ഇവർക്ക് വളരെ ആപ്റ്റ് ആയിട്ട് തോന്നി. അതും മാർഷ്യൽ ആർട്സുമായി ബന്ധമുള്ള സിനിമയാണ്.
ആ കഥ വിസ്മയയോട് പറഞ്ഞപ്പോൾ, ഞങ്ങൾ കേൾക്കുകയും ചെയ്തപ്പോൾ ഈ സിനിമയുണ്ടായി. പ്രണവും അങ്ങനെയായിരുന്നു. അയാൾ സ്കൂളിലെ ബെസ്റ്റ് ആക്ടർ ഒക്കെയായിരുന്നു. പക്ഷേ അഭിനയത്തോട് വലിയ പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ല. ഒരുഘട്ടം വന്നപ്പോൾ ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു.
അങ്ങനെയാണ് അയാൾ സിനിമയിലെത്തിയത്. ഒരു ആക്ടറുടെ മകനോ മകളോ സിനിമയിലെത്തണമെന്ന് ഒരു നിർബന്ധവുമില്ല".- മോഹൻലാൽ പറഞ്ഞു. തങ്ങൾക്ക് സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസും മറ്റ് സൗകര്യങ്ങളുമെല്ലാമുള്ളതു കൊണ്ടാണ് അവർക്ക് സിനിമ ചെയ്തു കൊടുക്കാൻ സാധിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.