Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രദ്ധേയമാകുക മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം ! 2024 ല്‍ മലയാളി കാത്തിരിക്കുന്ന ഏഴ് സിനിമകള്‍

2022 ലും 2023 ലും പ്രേക്ഷകര്‍ കണ്ട മമ്മൂട്ടി മാജിക്ക് ഈ വര്‍ഷവും തുടരും. പരീക്ഷണങ്ങള്‍ക്ക് പിന്നാലെ പോകാന്‍ തന്നെയാണ് ഈ വര്‍ഷവും മമ്മൂട്ടിയുടെ തീരുമാനം

ശ്രദ്ധേയമാകുക മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം ! 2024 ല്‍ മലയാളി കാത്തിരിക്കുന്ന ഏഴ് സിനിമകള്‍
, തിങ്കള്‍, 1 ജനുവരി 2024 (16:48 IST)
വലിയ പ്രതീക്ഷകളോടെയാണ് മലയാള സിനിമ 2024 നെ വരവേറ്റിരിക്കുന്നത്. ഒരുപിടി നല്ല സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്നത്. അതില്‍ മലയാളികള്‍ ഏറ്റവും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഏഴ് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം..! 
 
1. മലൈക്കോട്ടൈ വാലിബന്‍ 

webdunia
 
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ തന്നെയായിരിക്കും ഈ വര്‍ഷം മലയാളികള്‍ കാത്തിരിക്കുന്ന ആദ്യ ചിത്രം. ജനുവരി 25 ന് ചിത്രം തിയറ്ററുകളിലെത്തും. പിരീഡ് ഡ്രാമയായ ചിത്രത്തില്‍ ഒരു അഭ്യാസി ആയാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. 
 
2. ഭ്രമയുഗം 

webdunia
 
2022 ലും 2023 ലും പ്രേക്ഷകര്‍ കണ്ട മമ്മൂട്ടി മാജിക്ക് ഈ വര്‍ഷവും തുടരും. പരീക്ഷണങ്ങള്‍ക്ക് പിന്നാലെ പോകാന്‍ തന്നെയാണ് ഈ വര്‍ഷവും മമ്മൂട്ടിയുടെ തീരുമാനം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തില്‍ നെഗറ്റീവ് വേഷത്തിലാകും മമ്മൂട്ടി എത്തുക. വിധേയനിലെ ഭാസ്‌കര പട്ടേലറെ പോലെ പ്രേക്ഷകരെ ഭയപ്പെടുത്തുന്ന വില്ലനായിരിക്കുമോ മമ്മൂട്ടി എന്നാണ് ഭ്രമയുഗം കാത്തിരിക്കാനുള്ള പ്രധാന കാരണം. ടി.ഡി.രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലായിരിക്കും ചിത്രം എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
3. ആടുജീവിതം 
webdunia
 
ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതം ഏപ്രില്‍ 10 ന് തിയറ്ററുകളിലെത്തും. ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലാണ് ബ്ലെസി സിനിമയാക്കുന്നത്. നജീബ് എന്ന കഥാപാത്രത്തിന്റെ അതിജീവനത്തെ പൃഥ്വിരാജ് എങ്ങനെ സ്‌ക്രീനിലേക്ക് എത്തിക്കുമെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. 
 
4. ടര്‍ബോ 
webdunia
 
മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ സിനിമ എന്ന ടാഗ് ലൈനാണ് ടര്‍ബോയെ വാര്‍ത്തകളില്‍ നിറച്ചത്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍, കോമഡി, ത്രില്ലര്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു. മമ്മൂട്ടി അച്ചായന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ രാജ് ബി ഷെട്ടി, തെലുങ്ക് നടന്‍ സുനില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
5. ബറോസ് 
webdunia
 
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്നതാണ് ബറോസിനു വേണ്ടിയുള്ള കാത്തിരിപ്പിനു കാരണം. ഫാന്റസി മൂവിയായ ബറോസ് 3D ദൃശ്യമികവില്‍ ആകും തിയറ്ററുകളില്‍ എത്തുക. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മാണം. 
 
6. അജയന്റെ രണ്ടാം മോഷണം 
webdunia
 
ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം ടൊവിനോ തോമസിന് പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം എന്ന പദവി നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. പിരിയഡ് ഡ്രാമയായ ചിത്രം 3D യില്‍ ആയിരിക്കും റിലീസ് ചെയ്യുക. 
 
7. കത്തനാര്‍ 
webdunia
 
കടമറ്റത്ത് കത്തനാര്‍ എന്ന ഐക്കോണിക്ക് കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസാണ്. അനുഷ്‌ക ഷെട്ടിയാണ് നായിക. ഹൊറര്‍ ഫാന്റസി ഴോണറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലന്‍ ആണ്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം റിലീസ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2023ലെ വലിയ ദുഃഖം, വേദന ഉള്ളില്‍ ഒതുക്കി രജിഷ