Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചേച്ചി പെട്ടന്ന് ഒരു ദിവസം പോയി സന്യാസം സ്വീകരിച്ചതല്ല, മണ്ടത്തരം പറ്റുന്നയാളല്ല': നിഖില വിമൽ

Nikhila Vimal about her Sister Akhila

നിഹാരിക കെ.എസ്

, വ്യാഴം, 13 ഫെബ്രുവരി 2025 (12:10 IST)
അടുത്തിടെ ഏറ്റവും കൂടുതൽ വൈറലായ ഒരു വാർത്തയായിരുന്നു നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചത്. കാവി ധരിച്ചുള്ള അഖില വിമലിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എൻ്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തിയെന്ന് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയായിരുന്നു അറിയിച്ചത്. 
 
അഖിലയുടെ സന്യാസ സ്വീകരണം വാർത്തയായപ്പോൾ നിഖില വിമലിന്റെ ആരാധകർക്കെല്ലാം ഒരു ഞെട്ടലായിരുന്നു. നിഖിലയെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ, ചേച്ചിയുടെ സന്ന്യാസത്തിലേക്കുള്ള യാത്രയെ കുറിച്ച് സംസാരിക്കുകയാണ് നിഖില വിമൽ. എന്നാൽ തനിക്ക് അതിൽ ഒരു ഞെട്ടലും തോന്നിയില്ലെന്നും ചേച്ചി പെട്ടന്ന് ഒരു ദിവസം പോയി സന്യാസം സ്വീകരിച്ചതല്ലെന്നും നിഖില പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. 
 
നിങ്ങൾ ഇത് ഇപ്പോഴല്ലേ കേൾക്കുന്നത്. എനിക്ക് ഇത് കുറേക്കാലമായി അറിയാവുന്ന ഒന്നാണ്. നമ്മുടെ വീട്ടിലുള്ള ഒരാൾ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് അറിയാമല്ലോ. പിന്നെ പെട്ടന്ന് ഒരു ദിവസം പോയി ചേച്ചി സന്യാസം സ്വീകരിച്ചതുമല്ല. എന്റെ ചേച്ചിയായി എന്നതാണ് ഈ അടുത്ത കാലത്ത് അവൾക്കുണ്ടായ വലിയൊരു ബുദ്ധിമുട്ടെന്ന് വേണമെങ്കിൽ പറയാം. അവൾ വളരെ എജ്യുക്കേറ്റഡാണ്. പിഎച്ച്ഡി കഴിഞ്ഞു. ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പൊക്കെ കിട്ടിയിരുന്നു. ജെആർഎഫ് ഒക്കെയുള്ള. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നമ്മളെക്കാൾ വലിയ നിലയിൽ നിൽക്കുന്നൊരാളാണ്.
  
അതുകൊണ്ട് തന്നെ അവളുടെ ലൈഫിൽ അവൾ എടുക്കുന്ന ഒരു ചോയ്സിനെ നമ്മൾ എങ്ങനെയാണ് ചോദ്യം ചെയ്യുക. എന്റെ ചേച്ചിക്ക് മുപ്പത്തിയാറ് വയസായി. ഈ പ്രായത്തിൽ നിൽക്കുന്നൊരാൾ എടുക്കുന്ന തീരുമാനങ്ങളെ നമ്മൾ എങ്ങനെ ചോ​ദ്യം ചെയ്യും. അവൾ ആരോടും പറയാതെ പെട്ടന്ന് പോയി ഒരു കാര്യവും ചെയ്തിട്ടുമില്ല. സ്പിരിച്വലി ചായ്വുള്ളയാളാണ്. ശാസ്ത്രം പഠിക്കുന്നുണ്ടായിരുന്നു.
 
അതുപോലെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് വളരെ അധികം സംസാരിച്ചിട്ട് ഒരാൾ അയാളുടെ സ്വാതന്ത്ര്യത്തിൽ എന്തെങ്കിലും ചെയ്യുമ്പോൾ അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്നത് ഒരു പ്രശ്നമാണ്. അവൾ വളരെ അടിപൊളിയായിട്ടുള്ള ഒരാളാണ്. ഞാൻ സിനിമയിൽ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തിട്ടില്ലല്ലോ. അതുപോലെ തന്നെയല്ലേ ഇതും. അവളുടെ തീരുമാനങ്ങളിൽ ഞാൻ സന്തോഷവതിയാണ്.
 
അവളുടെ തീരുമാനങ്ങൾ കറക്ടായിട്ടാകും എടുക്കുകയെന്ന് എനിക്ക് അറിയാം. എന്നപ്പോലെ മണ്ടത്തരം പറ്റുന്നയാളല്ല. അതുകൊണ്ട് തന്നെ അവളുടെ കാര്യത്തിൽ ആർക്കും ഞെട്ടലില്ല. അവൾക്ക് വേണ്ടതെല്ലാം അവൾ ജീവിതത്തിൽ ചെയ്യുന്നുണ്ട്. അവൾ പല സ്ഥലങ്ങളിലും ട്രിപ്പ് പോയിട്ടുണ്ട്. ഫോട്ടോ​ഗ്രഫി, യാത്ര, ഭക്ഷണം എല്ലാം ഇഷ്ടമുള്ളയാളാണ്. ഇന്റിപെന്റന്റായ ഒരാൾ എന്നതിന് ഉദാഹരണമായി അവളെ കാണിക്കാം.
 
അവളുടെ തീരുമാനത്തിൽ ‍ഞാൻ ഞെട്ടിയിട്ടില്ല. സാധാരണ ഒരു കുടുംബത്തിലുള്ളയാളുകൾ പഠിക്കും ജോലി ചെയ്യും കല്യാണം കഴിക്കും എന്നതാണല്ലോ. എന്റെ വീട്ടിൽ പക്ഷെ അങ്ങനെയല്ല. വ്യത്യസ്തമാണ്. എന്റെ അച്ഛൻ പഴയ നെക്സലേറ്റാണ്. എന്റെ വീട്ടിൽ നോർമലായിട്ട് എന്റെ അമ്മ മാത്രമെയുള്ളു. എന്റെ വീട്ടിൽ ഇതൊന്നും ഒരു പ്രശ്നമല്ലെന്നാണ് നിഖില വിമൽ പറഞ്ഞത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ശിവകാർത്തികേയന്റെ കാലം; കംബാക്കിനൊരുങ്ങി മുരുഗദോസ്, 'SK 23' ടീസർ ഉടൻ