സെറ്റിൽ എല്ലാവരുടെയും മുന്നിൽ വെച്ച് അമ്മ എന്റെ മുഖത്തടിച്ചു: അനുഭവം പറഞ്ഞ് രംഭ
പുതിയ അഭിമുഖത്തിൽ തന്റെ മാതാപിതാക്കളെക്കുറിച്ച് രംഭ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന നടിയാണ് രംഭ. വിവാഹത്തോടെയാണ് രംഭ കരിയറിൽ നിന്നും മാറിയത്. പുതിയ അഭിമുഖത്തിൽ തന്റെ മാതാപിതാക്കളെക്കുറിച്ച് രംഭ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ നടിയായപ്പോൾ അച്ഛന്റെയും അമ്മയുടെയും സ്വാതന്ത്ര്യം പോയി. അവർ തന്റെ കൂടെ എപ്പോഴും സെറ്റിൽ ഉണ്ടാകുമായിരുന്നുവെന്നും രംഭ പറയുന്നു.
തന്റെ അമ്മ എനിക്ക് വേണ്ടി ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ട്. അമ്മയില്ലായിരുന്നെങ്കിൽ ഞാൻ ആരുമല്ല. വളരെ സോഫ്റ്റായ ആളാണ്. എന്നാൽ വളരെ ശക്തയായ സ്ത്രീയുമാണെന്ന് രംഭ പറയുന്നു. സെറ്റിൽ വെച്ച് അമ്മ തന്റെ മുഖത്തടിച്ച സംഭവവും രംഭ ഓർത്തെടുക്കുന്നു.
ശിവശക്തി എന്ന സിനിമയിൽ സത്യരാജ് സാറും പ്രഭു സാറും ഷൂട്ടിംഗിലാണ്. മൗറീഷ്യസിലാണ് ഷൂട്ടിംഗ്. ഫെെറ്റ് സീനിൽ പെട്രോൾ ബോംബ് വെച്ചിട്ടുണ്ട്. ഉച്ച സമയത്താണ്. ഈ ചൂടിൽ പെട്രോൾ ബോംബ് പൊട്ടിയേക്കാം, അനാവശ്യമായി പുറത്തേക്ക് വരരുതെന്ന് ഫെെറ്റ് മാസ്റ്റർ പറഞ്ഞു. എനിക്ക് ബോറടിച്ചു. പുറത്ത് പോകരുതെന്ന് അമ്മ പറയുന്നുണ്ട്. എന്നാൽ ഞാനത് കേൾക്കാതെ പുറത്തേക്ക് വന്നു. വാക്ക്മാൻ വെച്ച് ഞാൻ ചുറ്റിക്കറങ്ങി. കറക്ടായി പെട്രോൾ ബോംബിന് മുകളിലാണ് പോയി നിന്നത്.
അന്നെനിക്ക് തമിഴ് വലുതായി അറിയില്ല. മാസ്റ്റർ എന്തോ പറഞ്ഞ് ശകാരിക്കുന്നുണ്ട്. എങ്ങനെ എങ്ങനെ വഴക്ക് പറയും. ഞാൻ നായികയല്ലേ എന്ന് കരുതി ഞാനവരോട് വഴക്കിട്ടു. ഡയരക്ടറുൾപ്പെടെ എല്ലാവരും വന്നു. എന്ത് പറ്റിയെന്ന് ചോദിച്ചു. എന്നെ മാസ്റ്റർ വഴക്ക് പറഞ്ഞു, ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞു. അദ്ദേഹം അമ്മയോട് കാര്യം പറഞ്ഞു.
പെട്രോൾ ബോംബിന് മുകളിലാണ് പോയി നിന്നത് അതാണ് അവളോട് പറഞ്ഞതെന്ന് അമ്മയോട് അദ്ദേഹം പറഞ്ഞു. അമ്മ എന്റെ കവിളിൽ ഒറ്റയടി തന്നു. സോറി പറയൂ എന്ന് അമ്മ എന്നോട് പറഞ്ഞു. അവിടെയുള്ള എല്ലാവർക്കും വിഷമമായി. പ്രഭു സർ, സത്യരാജ് സർ, സുജാത മാഡം തുടങ്ങിയവരൊക്കെ വളർന്ന് വലുതായ മകളെ അടിക്കരുതെന്ന് അമ്മയോട് പറഞ്ഞു. അപ്പോൾ അമ്മ ഒന്നുകൂടെ അടിച്ചു. അടി കിട്ടിയില്ലെങ്കിൽ ഇവൾ അനുസരിക്കില്ലെന്നാണ് അമ്മ പറഞ്ഞതെന്നും രംഭ ഓർത്തു.