മധുരരാജയ്ക്ക് മൂന്നാം ഭാഗം? ‘സൂര്യയെ വിളിക്കണേ‘ - വൈശാഖിനോട് പൃഥ്വിരാജ്!

ശനി, 23 മാര്‍ച്ച് 2019 (13:12 IST)
അവധിക്കാലം ആഘോഷമാക്കാനൊരുങ്ങുകയാണ് പ്രേക്ഷകർ. ഇതിന്റെ മുന്നോടിയായി ഇന്നലെ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ റിലീസ് ആയി. ഇനി വെടിക്കെട്ട് ഉത്സവം നടത്തുക ലൂസിഫർ ആയിരിക്കും. വിഷു റിലീസിന് തുടക്കമിടുന്നത് ലൂസിഫറാണ്. മാര്‍ച്ച് 28ന് ലൂസിഫറും പിന്നാലെയായി മറ്റ് സിനിമകളുമെത്തുകയാണ്. 
 
ഏപ്രില്‍ 12നാണ് മധുരരാജ എത്തുന്നത്. ഫാമിലി എന്റര്‍ടൈനര്‍ ആണ് മധുരരാജ. 2010ൽ റിലീസ് ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ആദ്യ ഭാഗത്ത് മമ്മൂട്ടിയുടെ അനുജൻ സൂര്യയായി വേഷമിട്ടത് പൃഥ്വിരാജ് ആയിരുന്നു. എന്നാൽ, രണ്ടാം ഭാഗത്തിൽ എത്തുമ്പോൾ പൃഥ്വിക്ക് പകരം തമിഴ് നടൻ ജയ് ആണുള്ളത്. എന്നാൽ, സൂര്യ എന്ന കഥാപാത്രത്തെ അല്ല ജയ് അവതരിപ്പിക്കുന്നത്. 
 
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ട്രെയിലര്‍ പങ്കുവെച്ച് പൃഥ്വിയെ അഭിനന്ദിച്ചിരുന്നു വൈശാഖ്. ഇപ്പോഴിതാ അദ്ദേഹത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരപുത്രന്‍. ‘ടീസര്‍ ഷെയര്‍ ചെയ്തതിന് നന്ദി, മധുരരാജയ്ക്കും ടീമിനും വിജയാശംസ നേരുന്നു. മൂന്നാം ഭാഗത്തിനായി സൂര്യയേയും വിളിക്കണേയെന്നുള്ള‘  പൃഥ്വിയുടെ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്നാം ഭാഗമൊരുക്കുമ്പോള്‍ തന്നെത്തന്നെ സൂര്യയാക്കണെയെന്നാണ് അദ്ദേഹത്തിന്റെ റിക്വസ്റ്റ്.
 
പോക്കിരിരാജയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാൻ താല്‍പര്യമുണ്ടായിരുന്നുവെന്നും എന്നാൽ തന്നെ ആരും വിളിച്ചിരുന്നില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. ഏതായാലും പൃഥ്വിരാജിന്റെ ആഗ്രഹം പോലെ പോക്കിരിരാജയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകട്ടെ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിയ്ക്കും അടൂര്‍ ഗോപാലകൃഷ്ണനും ദേശീയ അവാര്‍ഡ്, ഈ പത്രവാര്‍ത്ത ഓര്‍ക്കുന്നുണ്ടോ? - വൈറലായി ചിത്രം