ത്രില്ലടിപ്പിച്ച കുറ്റാന്വേഷണ കഥ: 'പ്രാവിൻകൂട് ഷാപ്പ്' ഏപ്രിൽ 11 മുതൽ ഒ.ടി.ടിയിൽ
ഏപ്രിൽ 11 മുതൽ സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും
ബേസിൽ ജോഫസ്, സൗബിൻ ഷാഹിർ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായ 'പ്രാവിൻകൂട് ഷാപ്പ്' ഏപ്രിൽ 11 മുതൽ സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും. ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ കഥ പറയുന്ന ചിത്രത്തിന് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ശ്രീരാജ് ശ്രീനിവാസൻ ആദ്യമായി രചിച്ച് സംവിധാനം ചെയ്ത ചിത്രം അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദാണ് നിർമിച്ചത്.
ചാന്ദിനി ശ്രീധരൻ, ശിവജിത്ത്, ശബരീഷ് വർമ എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിയാസ് അബൂബക്കർ, ജോസഫ് ജോർജ്, വിജോ (മണി), സന്ദീപ്, തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. റിലീസ് ആയ ആദ്യദിവസം മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. എന്നാൽ, അധികം വൈകാതെ സിനിമയെ പ്രേക്ഷകർ കൈവിട്ടു.
മഴയുള്ളൊരു രാത്രിയിൽ 11 പേർ ഒരു കള്ളുഷാപ്പിൽ കള്ളും ചീട്ടുമായി കൂടിയതിന് പിന്നാലെ ഷാപ്പുടമയായ കൊമ്പൻ ബാബുവിനെ ഷാപ്പിന്റെ നടുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരു പോലീസ് ഓഫീസർ രംഗത്തിറങ്ങുമ്പോൾ, ഒളിഞ്ഞുകിടന്ന സത്യങ്ങൾ ഓരോന്നോരോന്നായി ചുരുളഴിയുകയും കൊമ്പൻ ബാബുവിനെ കൊന്നത് ആരാണെന്നും ഇതിന് പിന്നിലെ കാരണം എന്താണെന്നും കണ്ടെത്തുന്നു. ഇതാണ് ചിത്രത്തിന്റെ പ്രമേയം.