കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധരില്‍ ഒരാളാണ് താനെന്ന് രഞ്ജി പണിക്കര്‍. പകുതി സ്ത്രീ വിരുദ്ധത തന്റെ മകനും പകുത്തെടുത്തെന്ന് രൺജി പണിക്കർ പറഞ്ഞു. ജിസ് ജോയ് സംവിധാനം ചെയ്ത ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന സിനിമയുടെ നൂറാം ദിനാഘോഷ വേളയിലായിരുന്നു സ്ത്രീ വിരുദ്ധതയുടെ പേരിൽ തനിക്കെതിരെ ഉയർന്ന വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ട് താരം സംസാരിച്ചത്.
''കേരള സംസ്ഥാനത്തെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധരില്‍ ഒരാളാണ് ഞാന്‍, കസബ എന്ന സിനിമ സംവിധാനം ചെയ്തതിന് ശേഷം കുറച്ച് മകനും പകുത്തെടുത്തിട്ടുണ്ട്. സ്ത്രീവിരുദ്ധ പാപത്തിന്റെ കറ കഴുകിക്കളയാന്‍ എന്നെ സഹായിക്കുന്നത് ഓം ശാന്തി ഓശാന പോലെ, വിജയ് സൂപ്പറും പോലെയുള്ള സിനിമകളിലെ നല്ലവരായ അച്ഛന്‍ കഥാപാത്രങ്ങളാണ്.''- രൺജി പണിക്കർ പറഞ്ഞു.
രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് തുറന്ന് പറഞ്ഞതിനാണ് നടി പാര്‍വതി തിരുവോത്തിന് നേരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നത്. പാർവതിയുടെ പരാമർശത്തിന് പിന്നാലെ മുന്‍പ് താന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളില്‍ ഇപ്പോള്‍ ഖേദിക്കുന്നു എന്ന് രഞ്ജി പണിക്കര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ദി കിംഗ് അടക്കമുള്ള തന്റെ സിനിമകളിലെ സംഭാഷണങ്ങളിലെ സ്ത്രീ വിരുദ്ധത വ്യാപകമായി ചര്‍ച്ച ചെയ്യപ്പട്ടപ്പോഴായിരുന്നു ഇനിയൊരിക്കലും താനങ്ങനെ എഴുതില്ല എന്ന് അദ്ദേഹം പറഞ്ഞത്. അതേ രൺജി പണിക്കരിൽ നിന്നു തന്നെയാണ് കഴിഞ്ഞ ദിവസം പുതിയ പരിഹാസ മറുപടിയും വന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.